ഇരുപത്തിയേഴാം രാവിൽ ഹറമിൽ തഹജ്ജുദ് നമസ്കാരത്തിൽ പങ്കെടുത്തത് ജന ലക്ഷങ്ങൾ

0
1311

മക്ക: ഇരുപത്തിയേഴാം രാവിൽ
ഹറമിൽ തഹജ്ജുദ് (പാതിരാ) നമസ്കാരത്തിൽ ലക്ഷകണക്കിന് വിശ്വാസികൾ പങ്കെടുത്തതായി കണക്കുകൾ.

ഹറമിന്റെ നിലകളും ടെറസ്സും മുറ്റവും മൂന്നാം സൗദി വികസന ഭാഗവും അണ്ടർ ഗ്രൗണ്ടും വളരെ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഹറമിനു സമീപമുള്ള മുഴുവൻ റോഡുകളും തഹജ്ജുദ് നമസ്കാരത്തിൽ പങ്കെടുത്ത വിശ്വാസികളാൽ നിറഞ്ഞുകവിഞ്ഞു.

ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് തഹജ്ജുദ് നമസ്കാരത്തിലെ പ്രത്യേക പ്രാർഥനക്ക് നേതൃത്വം നൽകി. പാപമോചനം തേടിയുള്ള ഇമാമിന്റെ പ്രാർഥനയിൽ വിശ്വാസികളും അണിചേർന്നു. ഇരുപത്തിയേഴാം രാവിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമെത്തിയ ലക്ഷക്കണക്കിന് ഉംറ തീർഥാടകർക്കു പുറമെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഭ്യന്തര തീർഥാടകരും ഹറമിൽ ഒഴുകിയെത്തിയിരുന്നു. പെരുന്നാൾ അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ റമസാൻ അവസാന പത്ത് വിശുദ്ധ ഹറമിൽ ചെലവഴിക്കാൻ നിരവധി സ്വദേശികൾ കുടുംബ സമേതം മക്കയിലെത്തിയിട്ടുണ്ട്.
കടുത്ത തിരക്ക് മുൻകൂട്ടി കണ്ട് സുരക്ഷാ വകുപ്പുകളും ഹറം പരിചരണ വകുപ്പും വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇരുപത്തിയേഴാം രാവിൽ മസ്ജിദുന്നബവിയിലും കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്.