ഗൾഫിൽ മഴ തുടരുന്നു: പ്രവാസികൾക്കിത് ‘വർഷക്കാലം’

റിയാദ്: സഊദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ മഴ തുടരുന്നു. സഊദി തലസ്ഥാന നഗരിയായ റിയാദിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. മഴയോടൊപ്പം ഇടിയും മിന്നലും കൂടി ഉണ്ടായിരുന്നു. സഊദിയുടെ വിവിധ ഭാഗങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നും മഴയുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യു എ ഇ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും മഴയുള്ളതയാണ് റിപ്പോർട്ട്‌.

അതെ സമയം,  കേരളത്തിൽ വേനൽ ചൂട് കൂടി വരികയാണ്. കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അസഹ്യമായ ചൂട് കാരണം പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നു നാട്ടിൽ അവധിക്ക് പോയ പ്രവാസികൾ പറയുന്നു. നാട്ടിലും ഇപ്പോൾ എയർ കണ്ടിഷൻ വേണ്ട അവസ്ഥയാണെന്നും അവർ പറയുന്നു.

കേരളത്തിൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നിരവധി പ്രവാസി കുടുംബങ്ങൾ റിയാദ് അടക്കമുള്ള ഗൾഫ് നഗരങ്ങളിലേക്ക് വരുന്നുണ്ട്. ഇങ്ങനെ വരുന്ന കുടുംബങ്ങൾ നാട്ടിലെ കൊടും ചൂടിൽ നിന്ന് രക്ഷപ്പെട്ടതിന്റെയും ഇവിടുത്തെ മഴ അനുഭവിച്ചതിന്റെയും സന്തോഷം പങ്ക് വെക്കുന്നുമുണ്ട്.

കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായ കാലാവസ്ഥ വ്യതിയാനം കാരണം ഗൾഫിലെയും കേരളത്തിലേയും കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാണ്. സഊദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മുമ്പ് മഴ അപൂർവമായിരുന്നു. എന്നാൽ ഈയിടെ മഴ കൂടി വരികയാണ്. ഗൾഫിൽ മഴ പെയ്യുമ്പോൾ പ്രവാസികൾ കേരളത്തിൽ ഉണ്ടായിരുന്ന സമൃദ്ധമായ വർഷക്കാലം ഓർത്ത് പോകുന്നു. നാട്ടിലെ വർഷക്കാലം നഷ്ടമായ പ്രവാസികൾ ഗൾഫിൽ ഇപ്പോൾ ലഭിക്കുന്ന മഴയെ വർഷക്കാലമായി ആസ്വദിക്കുകയാണ്.