Saturday, 27 July - 2024

സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു

ലക്ഷ്യം പൊതു തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ വേഗത്തിലാക്കുന്നത്. കേസുകള്‍ പിൻവലിക്കണമെന്നു മുസ്‍ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംസ്ഥാന സ‍ര്‍ക്കാരും. അതിനിടെ പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റ‍ര്‍ ചെയ്യാത്ത കേസുകൾ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനു 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്നു സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ചു ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി നിർദേശിച്ചു.

സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുൻപത്തെ കണക്കനുസരിച്ച് 114 കേസുകൾ സർക്കാർ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019 ലാണു പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്.

മാർച്ച് 11നാണു വിജ്ഞാപനം പുറത്തിറക്കിയത്. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2019 ഡിസംബർ 10 മുതലാണു കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിട്ടുണ്ട്. സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

മറ്റുള്ള കേസുകളുടെ ഗൗരവം നോക്കി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാൽ മുന്നണിയുടെയും സര്‍ക്കാരിന്റെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടിൽ കേസുകൾ പിൻവലിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിച്ചതോടെയാണ് നീക്കം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: