Saturday, 27 July - 2024

ഇലക്ടറൽ ബോണ്ട്; വാങ്ങിയവരിൽ ബീഫ്  കയറ്റുമതി കമ്പനിയും

ഇലക്ടറൽ ബോണ്ട്. ഇലക്ഷൻ കമ്മിഷൻ  മാർച്ച് 14ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫികൊ അലാനാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബീഫ് കയറ്റുമതി കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുണ്ട്. അലാനാ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ഇരു കമ്പനികളെയും പ്രമോട്ട് ചെയ്യുന്നത്. 

2019 ജനുവരിയിൽ ആദായനികുതി വകുപ്പിൻ്റെ മുംബൈ വിഭാഗം അലാനാ ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. രണ്ടുദിവസംകൊണ്ടാണ് 100 യൂണിറ്റുകളിലെ  റെയ്ഡ് പൂർത്തിയാക്കിയത്. മൂന്നുമാസങ്ങൾക്കു ശേഷം ഏപ്രിലിൽ അലാനാ ഗ്രൂപ്പ് 2000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതിവകുപ്പ് പുറത്തുവിട്ടിരുന്നു. 

ഈ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇരു കമ്പനികളും ഇലക്ടറൽ ബോണ്ട് വാങ്ങിയിരിക്കുന്നത്. അലാനസൺസ് 2019 ജൂലൈ 9ന്  രണ്ട് കോടിയും 2019 ഒക്ടോബർ 9ന് 1 കോടിയും സംഭാവന ചെയ്തു. 2019 ജൂലൈ 9ന് ഫ്രിഗോറിഫികോ രണ്ട് കോടി സംഭാവന നൽകി. ഇതുകൂടാതെ അലാന കോൾഡ് സ്റ്റോറേജ് 2019 ജൂലൈ 9നും, 2020 ജനുവരിയിൽ ഫ്രിജേറിയോ കൺസേർവ അലാന 2 കോടിയുടേയും ഇലക്ടറൽ ബോണ്ടും വാങ്ങിയിട്ടുണ്ട്. ഇരു കമ്പനികളുടെയും ഡയറക്ടർമാർ വെവ്വേറെയാണെങ്കിലും ഇതെല്ലാം അലാന ഗ്രൂപ്പിൻ്റെ തന്നെയാണ്. ആകെ 7 കോടി രൂപയുടെ ഇലക്ടറൽബോണ്ടാണ് ഇവർ വാങ്ങിയത്. 

ഇലക്ടറൽ ബോണ്ടിന് പുറമേ 2014 ൽ നടന്ന തെരഞ്ഞെടുപ്പിന് 2.50 കോടി രൂപ ഫ്രിഗോറിഫികൊ അലാനാ പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിജേറിയോ കൺസേർവ അലാന, ഇൻഡാർഗോ ഫുഡ്സ് ലിമിറ്റഡ് എന്നീ കമ്പനികൾ ബിജെപിക്ക് സംഭാവന നൽകിയതായി 2015ൽ പുറത്തുവന്നിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഫ് കയറ്റുമതി ഒരു പ്രധാനവിഷയമായി ഉയർത്തിക്കാട്ടിയിരുന്നു. സീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കണക്കുകൾ പ്രകാരം 2023ൽ മാത്രം  1.42 മില്യൺ മെട്രിക് ടൺസ് ബീഫിൻ്റെ കയറ്റുമതിയാണ് നടന്നത്. 

അലാനസൺസ് 1865ൽ സ്ഥാപിതമായ കമ്പനിയാണ്. സംസ്കരിച്ച ഭക്ഷ്യ, കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനിയാണിത്. 85 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്. അവരുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 500 മുതൽ 1000 കോടിവരെയാണ് വാർഷിക വിറ്റുവരവ്. 1986ലാണ് ഫ്രിഗോറിഫികൊ അലാനാ സ്ഥാപിതമായത്. അലാനാ ഗ്രൂപ്പിൻ്റെ കൺസ്യൂമർ പ്രോഡക്ട് ഡിവിഷനാണിത്. 

Most Popular

error: