അദാനി, റിലയൻസ് കമ്പനികളുടെ പേര് പട്ടികയിലില്ല, തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയം: സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്‌ലോഡ് ചെയ്തു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ഒരു ദിവസം മുമ്പായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
2019 ഏപ്രിൽ 12 മുതലുള്ള ഒരു ലക്ഷം രൂപ, 10 ലക്ഷം രൂപ, ഒരു കോടി രൂപ എന്നീ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകൾ കമ്പനികളും വ്യക്തികളും വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ രണ്ട് ലിസ്റ്റുകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആദ്യത്തേത് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളുടെ വിവരങ്ങളാണ്. മറ്റൊന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ പണമാക്കി മാറ്റിയ തീയതികളുമാണ് ഉള്ളത്. പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഏത് കമ്പനി ഏത് പാർട്ടിക്ക് സംഭാവന നൽകിയതെന്ന് കണ്ടെത്തുന്നതിനും മാർഗ്ഗമില്ല.
ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി, സമാജ്‌വാദി പാർട്ടി, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ജെഡിഎസ്, എൻസിപി, ജെഡിയു, ആർജെഡി തുടങ്ങിയ പാർട്ടികളാണ് ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിച്ചത്.
എല്ലാ ബോണ്ട് വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 11 വരെയുള്ള 3346 ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പട്ടികയിലില്ല. നിരവധി ഖനന ഹൈവേ കമ്പനികൾ അടക്കം രാജ്യത്തെ വൻകിട കമ്പനികൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വേദാന്ത, ഡിഎൽഎഫ്, അംബുജ സിമൻ്റ്സ്, നവയുഗ, ഐടിസി, സൺഫാർമ, എയർടെൽ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ പട്ടികയിലുണ്ട്. കേരളത്തിൽ നിന്നുള്ള ബിസിനസ് ഭീമന്മാരായ മുത്തൂറ്റ് ഫിനാൻസും പട്ടികയിലുണ്ട്. അംബാനി, അദാനി, ടാറ്റാ ഗ്രൂപ്പുകൾ ഇലക്ട്രൽ ബോണ്ട് വാങ്ങിയവരുടെ പട്ടികയിൽ ഇല്ല.
വിവാദ വ്യവസായി സാൻ്റയാഗോ മാർട്ടിൻ്റെ ഫ്യൂച്ചര്‍ ഗെയ്മിംഗ് ആൻഡ് ഹോട്ടൽ സർവ്വീസസ് പിആർ ആണ് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാൻ ഏറ്റവും കൂടുതൽ പണം ചെലവാക്കിയത്. 1368 കോടിയുടെ ബോണ്ടുകളാണ് സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി വാങ്ങിയിരിക്കുന്നത്. ഇഡിയുടെ നടപടി നേരിടുന്ന കമ്പനിയാണിത്. മേഘാ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്‌ച്ചേഴ്‌സ് ലിമിറ്റഡാണ് ബോണ്ടുകള്‍ സ്വന്തമാക്കിയതില്‍ രണ്ടാമത്. 966 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്. ക്വിക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്. 410 കോടി രൂപയുടെ ബോണ്ടുകളാണ് ഇവര്‍ വാങ്ങിയത്.
വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകളും ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ് 377 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിയിട്ടുണ്ട്. ഭാരതി ഗ്രൂപ്പ് 247 കോടി രൂപ, എസ്സെല്‍ മൈനിങ്ങ് ആന്‍ഡ് ഇന്‍ഡസ് ലിമിറ്റഡ് 224 കോടി രൂപ, വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 220 കോടി രൂപ, കെവന്റ് ഫുഡ് പാര്‍ക്ക് ഇന്‍ഫ്രലിമിറ്റഡ് 195 കോടി രൂപ, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനത്തുള്ള ഏറ്റവും കൂടുതല്‍ മൂല്യത്തിന് ബോണ്ടുകള്‍ വാങ്ങിയ കമ്പനികള്‍.
എസ്ബിഐയില്‍ നിന്ന് ലഭിച്ചതു പോലെ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അതേപടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അതിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു എന്നായിരുന്നു ഇത് സംബന്ധിച്ച പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്തതുവെന്നായിരുന്നു നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ എസ്ബിഐ പറഞ്ഞിരുന്നത്. രാഷ്ട്രീയ പാർട്ടികൾ 22,030 ബോണ്ടുകളിൽ നിന്ന് പണമെടുത്തു. 187 ബോണ്ടുകളിലെ പണം നിയമാസൃതമായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചുവെന്നുമായിരുന്നു സത്യവാങ്ങ്മൂലം പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയം: സീതാറാം യെച്ചൂരി
തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരൊക്കെ ഇതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകി എന്നത് അറിയാൻ ഇനിയും സമയം എടുക്കും. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനി വാങ്ങിയത് 1368 കോടിയുടെ ബോണ്ടുകളാണ്. 2022ൽ എൻഫോഴ്‌സ്മെന്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു. ഉത്തരങ്ങൾ ആവശ്യമെന്നും കൂടുതൽ അസ്ഥികൂടങ്ങൾ തകരുമെന്നും സീതാറാം യെച്ചുരി പറഞ്ഞു.
ഭാരതി എയർടെൽ, ഇൻഡിഗോ, സൺഫാർമ, വേദാന്ത, സ്‌പൈസ്‌ജെറ്റ്, പിവിആർ ലിമിറ്റഡ്, ഐടിസി, എംആർഎഫ്, ബജാജ് ഫിനാൻസ്, ഫിനോലിക്സ് എന്നിവ പട്ടികയിലെ പ്രധാനികൾ. ഏറ്റവുമധികം ബോണ്ട് വാങ്ങിയത് ഫ്യുച്ചർ ഗെയിമിംഗ് കമ്പനി. ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ട മേഘ എഞ്ചിനീയറിംഗ് കമ്പനിയുടെ 980 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലുള്ളത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





