റമദാനിൽ മതാഫിൽ പ്രവേശനം ഉംറ തീർഥാടകർക്ക്​ മാത്രം

0
1149

മക്ക: കഅബയ്​ക്ക്​ ചുറ്റുമുള്ള മതാഫും(പ്രദക്ഷിണ മുറ്റം) അതിനോട്​ ചേർന്നുള്ള പള്ളിയുടെ ഭാഗവും ഉംറ തീർഥാടകർക്ക്​ മാത്രമായിരിക്കുമെന്നും, മക്ക മസ്ജിദുൽ ഹറമിൽ നമസ്​കരിക്കാനെത്തുന്നവർ ഉംറ തീർഥാടകർക്കായി പരിമിതപ്പെടുത്തിയ ഭാഗത്തേക്ക്​ പ്രവശേിക്കരുതെന്നും പൊതുസുരക്ഷ മേധവാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി.

റമസാനിലെ ഉംറ സുരക്ഷാപദ്ധതി വിശദീകരിക്കുന്നതിനായി മക്കയിൽ ഉംറ സുരക്ഷാ സേനാമേധാവികളോടൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം നിലയുടെയും മേൽക്കൂരയുടെയും ഒരു ഭാഗം ഉംറ തീർഥാടകർക്കായി നിശ്ചയിച്ചിട്ടുണ്ട്​. പള്ളിയോട്​ ചേർന്നുള്ള ‘സൗദി മൂന്നാം വികസന ഭാഗം’, പുറം മുറ്റങ്ങൾ, മേൽക്കൂരയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ മറ്റുള്ളവർക്ക്​ നമസ്​കാരത്തിനുള്ള സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബസ്​, ടാക്​സി, ട്രെയിൻ സ്​റ്റേഷനുകളുടെ പ്രവർത്തനം ഈ പദ്ധതിയിലെ ഒരു പ്രധാന ഭാഗമാണ്​. മസ്​ജിദുൽ ഹറാമിന്​ സമീപം, ഒന്നും രണ്ടും മൂന്നും റിങ്​ റോഡ്, മക്ക പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പൊതുഗതാഗത സ്​റ്റേഷനുകളുണ്ട്. മൂന്നാം സൗദി വിപുലീകരണത്തിനും മതാഫ് പദ്ധതിക്കും ഇടയിലുള്ള ഇടനാഴി തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന്​ തുറന്നതായും അദ്ദേഹം പറഞ്ഞു. നമസ്‌കാര സമയത്ത്, പ്രത്യേകിച്ച് തറാവിഹ്, തഹജ്ജുദ് സമയങ്ങളിൽ ജനക്കൂട്ടത്തി​ന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവേശന, എക്​സിറ്റ് പാതകളിൽ നിയന്ത്രണമുണ്ടാകും.