സഊദിയിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർദ്ധന

0
964

ജിദ്ദ: സൗദി കൊമേഴ്‌സ് മന്ത്രാലയത്തിൻ്റെ സമീപകാല റിപ്പോർട്ടനുസരിച്ച് 2023 അവസാനത്തോടെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും കമ്പനികളുടെയും വാണിജ്യ രേഖകളുടെ എണ്ണം 476,040 ആയി ഉയർന്നതായി വെളിപ്പെടുത്തൽ.

ഇത് സൗദി അറേബ്യയുടെ സംരംഭകത്വ മേഖലയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ്.
രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തിൽ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിൻ്റെ പുരോഗതിക്ക് അടിവരയിടുന്നതാണ്.

124,107 വനിതാ വാണിജ്യ റെക്കോർഡുകളുമായി റിയാദ് മേഖലയാണ് മുന്നിൽ, തൊട്ടുപിന്നിൽ മക്ക മേഖല 106,818, കിഴക്കൻ മേഖല 62,041 എന്നിങ്ങനെയാണ്. 37,671 റെക്കോഡുകളുമായി അഞ്ചാം സ്ഥാനത്തുള്ള അസീർ മേഖലയും കാര്യമായ പ്രവർത്തനം കാഴ്ചവച്ചു.

മൊത്ത, ചില്ലറ വ്യാപാരം, ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, പ്രൊഫഷനൽ, സയൻ്റിഫിക്, ടെക്നിക്കൽ പ്രവർത്തനങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകളുടെ ഈ വാണിജ്യ ശ്രമങ്ങൾ വ്യാപിച്ച് കിടക്കുകയാണ്.