സ്വർണ വ്യാപാരം നടത്തിവരുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായി; 2 വർഷമായി ആശുപത്രിയിൽ, ഇന്ത്യൻ വ്യവസായിക്ക് ഇനി അഭയം വൃദ്ധസദനം

0
2497

മനാമ: സ്വർണ വ്യാപാരം നടത്തിവരുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയാവുകയും നീണ്ട രണ്ടു വർഷക്കാലം  ആശുപത്രിയിൽ കഴിയേണ്ടി വരുകയും ചെയ്ത ഇന്ത്യൻ വംശജനായ വ്യവസായിക്ക് ഒടുവിൽ  സ്വന്തം നാട്ടിലെ വൃദ്ധസദനത്തിൽ അഭയം പ്രാപിക്കേണ്ടി വന്നു.

ബഹ്‌റൈനിൽ പാർട്ടണർഷിപ്പിൽ ജ്വല്ലറി ബിസിനസ് നടത്തിയിരുന്ന സുന്ദർജി ഹർകിഷൻദാസ് (73) ആണ് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.

2022 ഒക്ടോബർ 24നു ആയിരുന്നു സുന്ദർജിയുടെ ജീവിതത്തെ തകിടം മറിച്ച സംഭവം നടക്കുന്നത്. മോഷ്ടാക്കൾ ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ച് സ്വർണം കടത്തിക്കൊണ്ടുപോവുകയായിരുന്നു. ആക്രമണത്തിൽ സുന്ദർജിയുടെ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റു. സൽമാനിയ ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ട  അദ്ദേഹത്തിന്റെ തലയോട്ടിയുടെ ഇടതു ഭാഗത്തു ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

നീണ്ട നാളത്തെ ചികിത്സയ്‌ക്കൊടുവിൽ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചില്ല. പരസഹായം ഇല്ലാതെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ ആവാത്ത അവസ്‌ഥ. കഴിഞ്ഞ വർഷം   ഡിസംബറിൽ ഇദ്ദേഹത്തെ ജിദാഹഫ്‌സിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജനുവരി 31 ന് വീണ്ടും സൽമാനിയ മെഡിക്കൽ കോളജിലേക്ക്  മാറ്റി. 

സുന്ദർജി സൗദിയിലെ സാമൂഹ്യപ്രവർത്തകരോടൊപ്പം.
സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രി സന്ദർശനത്തിന് എത്തിയ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ സുധീർ തിരുനിലത്ത് സുന്ദർജിയെ കാണാൻ ഇടയാവുകയും ഇദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ഡിസ്ചാർജ് ചെയ്യേണ്ട സമയം കഴിഞ്ഞു എന്നും സുന്ദർജിക്ക് ഇനി കുടുംബാംഗങ്ങളുടെ പരിചരണം ആണ് വേണ്ടതെന്നും ആശുപത്രി അധികൃതരും പറഞ്ഞു.അതിനിടെ അർബുദ ബാധിതയായിരുന്ന സുന്ദർജിയുടെ ഭാര്യ മരിച്ചിരുന്നു. പാസ്പോർട്ടോ മറ്റുരേഖകളെപറ്റിയോ വ്യക്തമായ വിവരം സുന്ദർജിയിൽ നിന്നും ലഭിച്ചതും ഇല്ല.

തുടർന്ന് ബഹ്‌റൈൻ അധികാരികളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മുൻ ബിസിനസ്‌ പാർട്ണർ ആയ ഖാദർ എന്നൊരാളെ കണ്ടെത്തി .ബഹ്‌റൈനിൽ തന്നെ ഇദ്ദേഹത്തിന്റെ മകനും കുടുംബവും ഉണ്ടെന്ന് അറിഞ്ഞു. എന്നാൽ  മകനും കുടുംബവും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയാറായില്ല.
സുധീറിന്റെ അന്വേഷണത്തിൽ  സുന്ദർജിയുടെ  ഇളയ സഹോദരിയും കുടുംബവും ദുബായിൽ ഉണ്ടെന്ന് മനസിലായി.

തുടർന്ന് ഗുജറാത്ത്‌ സ്വദേശിയും പ്രവാസി ലീഗൽ സെൽ ഗവേർണിങ് കൗൺസിൽ അംഗവുമായ  ജെയ്ഷയും പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അംഗം  ശ്രീധരൻ പിള്ളയും  സുന്ദർജിയുടെ സഹോദരിയുമായി സംസാരിക്കുകയും ഇദ്ദേഹത്തിന്റെ  ആരോഗ്യ സ്ഥിതി വിശദമായി അറിയിക്കുകയും ചെയ്തു. അവർ ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തായാറായതോടെ സുന്ദർജിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെയും എമിഗ്രേഷൻ അധികൃതരുടെയും  സഹായത്തോടെ  പിഴ ഒടുക്കുകയും തുടർന്ന് ഔട്ട് പാസ്  ലഭിക്കുകയും ചെയ്തു.  

ഇന്ത്യയിൽ സുന്ദർജിക്ക് ബന്ധുക്കളോ  മറ്റു കുടുംബാംഗങ്ങളോ ഇല്ലാത്തതിനാൽ  സഹോദരി ഇദ്ദേഹത്തിന് ഗുജറാത്തിൽ ഉള്ള സ്വജൻ ആശ്രമത്തിൻ കീഴിൽലു ള്ള വൃദ്ധസദനത്തിലാണ് താമസം ഉറപ്പാക്കിയത്. സുന്ദർജിയുടെ സഹോദരിയും മകനും അദ്ദേഹത്തെ ഗുജറാത്തിലേക്ക് കൊണ്ടു പോകാൻ എത്തുമെന്ന് അറിയിച്ചിട്ടുള്ളതായി സുധീർ പറഞ്ഞു.

ഇക്കാലയളവിൽ നിരവധി പേരാണ് സുന്ദർജിയുടെ പരിചരണത്തിനും ൃ യാത്രയ്ക്കുമുള്ള വഴിയൊരുക്കാനും സഹായിച്ചത്.  വീൽ ചെയറിൽ ഉള്ള രോഗിയായതിനാൽ വിമാനത്തിൽ സഹായങ്ങൾക്ക് ഒരാളെയും കൂട്ടേണ്ടി വന്നു. 
ഇന്ത്യൻ അംബാസഡർ   വിനോദ്. കെ. ജേക്കബ്, എംബസി ജീവനക്കാർ, ഡോ. ജോസഫ് രവീന്ദ്ര, ഡോ. താജുദീൻ, ഡോ. അലി ഹുസൈൻ, സൽമാനിയ ആശുപത്രി ജീവനക്കാർ , സാമൂഹിക പ്രവർത്തകരായ സാബു ചിറമേൽ, ഫൈസൽ പാട്ടാണ്ടി, ജെയ്ഷ  തുടങ്ങിയവരും ഈ ദൗത്യത്തിൽ പങ്കാളികൾ ആയിരുന്നു. യാത്രാ ചിലവുകൾ   പ്രകാശ് ദേവ്ജി ( ദേവ്ജി ഗ്രൂപ്പ്)ആണ് വഹിച്ചത്. പ്രവാസി ലീഗൽ സെൽ ടീം, ഹോപ്പ് ടീം, വേൾഡ് എൻ ആർ ഐ  കൗൺസിൽ, തുടങ്ങിയവരും സഹായങ്ങള്‍  നൽകിയിരുന്നതായി സുധീർ തിരുനിലത്ത് അറിയിച്ചു.