വന്യജീവി ആക്രമണങ്ങൾ; കെ. രാജന് വനം വകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്നു സൂചന

0
1045

കോഴിക്കോട്: വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി കെ. രാജന് വനം വകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്നു സൂചന. നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലായതാണ് കാരണമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹവുമായി കോതമംഗലത്ത് അരങ്ങേറിയ പ്രതിഷേധം പൊലീസ് അടിച്ചമർത്തിയത് വൻ ആക്ഷേപങ്ങൾക്ക് ഇടയാക്കി. ഇന്ദിരയുടെ മൃതദേഹം ഉൾപ്പെടുന്ന മൊബൈൽ ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയാണ് പൊലീസ് ആംബുലൻസിൽ കയറ്റിയത്.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് ഒരു കർഷകനും കൊല്ലപ്പെട്ടിരുന്നു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് കുത്തിക്കൊന്നത്. അതിരപ്പിള്ളിയിൽ വാച്ചുമരം ആദിവാസി ഊരിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സ (68)യാ വൈകുന്നേരം കാട്ടാന ചവിട്ടിക്കൊന്നു.