കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബവും അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കൾ അറിയിച്ചു.
ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഡിയോ റിപ്പോർട്ട് കാണാം👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





