അബുദാബി അഡ്നോകിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിക്കും ഭാര്യക്കുമാണ് ദുരനുഭവം
അബുദാബി: ഓൺലൈൻ ബാങ്ക് തട്ടിപ്പുകളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കെ, അബുദാബിയിലെ മലയാളി യുവ ദമ്പതികൾക്ക് അടുത്തടുത്ത ദിവസങ്ങളിൽ ലക്ഷങ്ങൾ നഷ്ടമായി. കഴിഞ്ഞ 9 വർഷമായി അബുദാബി അഡ്നോകിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് യഥാക്രമം 1,75,000 രൂപയും (7,747 ദിർഹം), ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിർഹം) വീതം നഷ്ടമായത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദുബൈയുടെ ‘ഏറ്റവും ഒടുവിലത്തെ’ വിസ്മയമായ ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഒാഫ് ദ് ഫ്യൂചർ കാണാൻ വേണ്ടി ഇൗ മാസം 7ന് ഒാൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. ‘ ഗൂഗിളിൽ മ്യൂസിയം ഓഫ് ദ് ഫ്യൂചർ വെബ് സൈറ്റിൽ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോൾ ഒരാൾക്ക് 150 ദിർഹമായിരുന്നു കാണിച്ചത്. അടുത്തതായി കണ്ട മ്യൂസിയം പ്രമോഷൻ എന്ന പേരിലുള്ള വെബ് സൈറ്റ് നോക്കിയപ്പോൾ മ്യൂസിയം ഓഫ് ദ് ഫ്യൂചർ അടക്കം ദുബായിലെ മിക്ക വിനോദ–വിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40 ശതമാനം മുതൽ 50 ശതമാനം വരെ നിരക്കിളവ് കണ്ടു.
മറ്റൊന്നും ആലോചിക്കാതെ മ്യൂസിയം ഓഫ് ദ് ഫ്യൂചറിലേയ്ക്കുള്ള 2 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചു’ – പ്രമോദ് പറയുന്നു. ആകെ 149 ദിർഹമായിരുന്നു നിരക്ക് കാണിച്ചത്. തുടർന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചപ്പോൾ മൊബൈലിലേയ്ക്ക് സന്ദേശമായി ഒടിപി വന്നു. അത് നൽകി കുറച്ച് കഴിഞ്ഞപ്പോൾ ക്രെഡിറ്റ് അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണ് എത്തിയത്. വീണ്ടും ശ്രമിച്ചപ്പോൾ ലഭിച്ച ഒടിപി നൽകിയപ്പോൾ ക്രെഡിറ്റ് ബാലൻസുണ്ടായിരുന്ന 7,747 ദിർഹം നഷ്ടപ്പെടുകയായിരുന്നു. യൂറോയിലാണ് പണം പോകുന്നതെന്ന് സന്ദേശത്തിൽ നിന്ന് മനസിലായപ്പോഴേയ്ക്കും പെയ്മെന്റ് നടന്നുകഴിഞ്ഞിരുന്നു.
ഇതേ തുടർന്ന് പ്രമോദ് പൊലീസിലും ബാങ്കിലും പരാതി നൽകി. ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തെങ്കിലും പണം കൈമാറ്റം നടന്നുകഴിഞ്ഞതിനാൽ അത് തിരിച്ചുകിട്ടുന്ന കാര്യത്തിൽ ബാങ്ക് നിസ്സഹായത പ്രകടിപ്പിച്ചതായി പ്രമോദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. തുടർന്ന് വീസ കാർഡ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ബാങ്കുമായാണ് ഇടപാടെന്നും അവരെ ബന്ധപ്പെട്ടാല്‍ മതിയെന്നുമായിരുന്നു മറുപടി. മാർച്ച് 2ന് ലഭിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുമായി ബാങ്കിനെ സമീപിക്കാനാണ് അധികൃതർ ഒടുവിൽ നിർദേശിച്ചത്. മുസഫ പൊലീസിലും പ്രമോദ് പരാതി നൽകിയപ്പോൾ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുമായി ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മനോരമ പ്രസിദ്ധീകരിച്ചത്