മലപ്പുറം: കഠിനമായി പരിശ്രമിച്ചാല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം ചുവപ്പിക്കാമെന്ന പ്രതീക്ഷയില്‍ സിപിഎം. മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ട എന്ന ഖ്യാതി പൊന്നാനിക്ക് ഇന്നില്ല. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നാല് നിയമസഭാ സീറ്റും ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ കോട്ടക്കലും തിരൂരങ്ങാടിയും മതി തങ്ങളുടെ വിജയം ഉറപ്പിക്കാനെന്ന് മുസ്‌ലിം ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ രാവിലെ ചേരും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന സമിതിയും. സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാണ് പ്രധാന ചര്‍ച്ച. പാര്‍ട്ടി മല്‍സരിക്കുന്ന 15 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. നാളെ വിശദമായ ചര്‍ച്ച നടത്തി പ്രഖ്യാപനത്തിന്റെ വക്കിലെത്തും. 27നാകും പ്രഖ്യാപനം.
1977 മുതല്‍ മുസ്‌ലിം ലീഗിന് ഒപ്പം നിന്ന മണ്ഡലമാണ് പൊന്നാനി. ജിഎം ബനാത്ത് വാലയും ഇബ്രാഹീം സുലൈമാന്‍ സേട്ടുവും ഇ അഹമ്മദുമെല്ലാം മല്‍സരം നേരിടാതെ വിജയിച്ച മണ്ഡലം. 2009ല്‍ ഇടി മുഹമ്മദ് ബഷീര്‍ എത്തിയപ്പോഴും പൊന്നാനിക്ക് മറിച്ചൊരു ചിന്തയുണ്ടായില്ല. 2014, 2019 വര്‍ഷങ്ങളില്‍ വിജയം ആവര്‍ത്തിച്ച ഇടി ഇനി മലപ്പുറത്തേക്ക് മാറുമെന്നാണ് വിവരം.
ഇടി മുഹമ്മദ് ബഷീര്‍ ചുവട് മാറ്റുമ്പോള്‍ എത്താന്‍ സാധ്യതയുള്ള അബ്ദുസമദ് സമദാനിക്കെതിരെ ശക്തനായ എതിരാളിയെ കളത്തിലിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, തവനൂര്‍ എംഎല്‍എ കെടി ജലീല്‍ എന്നിവരുടെ പേരുകളിലാണ് സിപിഎം ഒടുവില്‍ എത്തിനില്‍ക്കുന്നത്. മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വി അബ്ദുറഹ്മാന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പൊന്നാനി മണ്ഡലത്തില്‍ പലയിടത്തും മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പോര് നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, ഇകെ വിഭാഗം സുന്നികള്‍ സിപിഎമ്മിനോടുള്ള അകലം കുറച്ചതും അനുകൂല സാഹചര്യമായി പാര്‍ട്ടി വിലയിരുത്തുന്നു. ലീഗ് – സമസ്ത ചെരിപ്പോരും ലീഗിന് തിരിച്ചടിയാകുമെന്നാണ് കണക്ക് കൂട്ടൽ. സമസ്തയുമായി പ്രശ്നം ഇല്ലെന്ന് ലീഗ് നേതാക്കൾ പറയുമ്പോഴും അണികൾക്കിടയിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. തീരദേശത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ഗുണം ചെയ്യുമെന്ന് സിപിഎം നേതാക്കള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
കേന്ദ്രത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനേക്കാളും മുസ്‌ലിം ലീഗിനേക്കാളും നല്ലത് സിപിഎം ആണ് എന്ന വികാരവും വോട്ടര്‍മാര്‍ക്കിടയിലുണ്ടെന്ന് സിപിഎം മനസിലാക്കുന്നു. പൊന്നാനി, തവനൂര്‍, തൃത്താല, താനൂര്‍ എന്നീ നിയമസഭാ സീറ്റുകള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി മണ്ഡലങ്ങള്‍ ലീഗിനൊപ്പവും. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാല്‍ 6000 വോട്ടിന്റെ വ്യത്യാസമേയുള്ളൂ. ഇതും സിപിഎമ്മിന് പ്രതീക്ഷ ഇരട്ടിയാക്കുന്നു.
മഞ്ഞലോഹത്തില്‍ അമിത പ്രതീക്ഷ വേണ്ട; നേരിയ ആശ്വാസം നല്‍കി ഇന്നത്തെ സ്വര്‍ണ വിലമഞ്ഞലോഹത്തില്‍ അമിത പ്രതീക്ഷ വേണ്ട; നേരിയ ആശ്വാസം നല്‍കി ഇന്നത്തെ സ്വര്‍ണ വില
സിപിഎമ്മിനൊപ്പമുള്ള നിമയസഭാ സീറ്റുകളില്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഇടതുപക്ഷത്തിനുള്ളത് എന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. ബാലസംഘം, എസ്എഫ്‌ഐ എന്നിവയിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തി നില്‍ക്കുന്ന അധ്യാപകന്‍ കൂടിയാണ് വി വസീഫ്. മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് കെടി ജലീല്‍ എംഎല്‍എ. ആരാകും സ്ഥാനാര്‍ഥിയെന്ന് വൈകാതെ അറിയാം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




