ദമാമില്‍ മയക്കുമരുന്ന് കേസുകളില്‍ നിരവധി മലയാളികള്‍ ജയിലില്‍

0
2918

ദമാം: സഊദിയിൽ മയക്കുമരുന്ന് കേസുകളിൽ പിടിയിലകപ്പെടുന്നവരില്‍ കൂടുതല്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. കൂടുതലും യുവാക്കളാണെന്നാണ് വിവരം.

സാമൂഹ്യ പ്രവര്‍ത്തകരും സാംസ്‌കാരിക സംഘടനകളും ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളില്‍ മയക്കു മരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. ഇത് സമൂഹത്തില്‍ ദൂരവ്യാപകമായ വിപത്താണ് സൃഷ്ടിക്കുന്നത്.

ഭേദപ്പെട്ട കുടുംബപശ്ചാത്തലമുള്ള യുവാക്കളെ വലവീശി പിടിക്കുകയും ഈ ചങ്ങലയില്‍ കണ്ണികളാക്കി ഒരിക്കലും പിന്തിരിയാന്‍ കഴിയാത്ത വിധം വരിഞ്ഞു മുറുക്കുന്നതുമാണ് കണ്ടുവരുന്നത്. സൗഹൃദ വലയങ്ങളില്‍ ഉപയോഗിച്ച് തുടങ്ങി പിന്നീട് അതില്‍ നിന്നും പിന്തിരിയാന്‍ കഴിയാതെ കുരുങ്ങി കഴിയുകയാണ് ഈ യുവത. പല പ്രമുഖരും നാണക്കേട് മൂലം പുറംലോകം അറിയാതെ രഹസ്യമാക്കി വെക്കുന്നതായും ഇതിലൂടെ ഗുരുതരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതാണ് കണ്ടുവരുന്നത്. പിടിക്കപ്പെടുന്നതില്‍ വലിയ വിഭാഗം മലയാളികള്‍ ആണെന്നതും ഞെട്ടിക്കുന്നതാണ്.

ദമാം, അല്‍ ഖോബാര്‍, ഖത്തീഫ്, ജുബൈല്‍, അല്‍ ഹസ്സ തുടങ്ങിയ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചു നൂറുകണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ മാര്‍ഗം ഓര്‍ഡര്‍ നല്‍കുകയും ഒപ്പം പണം സ്വീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇടുങ്ങിയ വഴികളിലും ഫോണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കാബിനുകള്‍, ദിനപത്രങ്ങള്‍ ഡെലിവറി ചെയ്യുന്ന ബോക്‌സുകള്‍ എന്നിവയിലും മതിലുകള്‍ക്കിടയിലെ വിടവുകളിലും ഇത്തരം സാധങ്ങള്‍ ഒളിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോക്കേഷന്‍ നല്‍കുകയും ചെയ്യുന്ന വില്‍പ്പന രീതിയാണ് മയക്കുമരുന്ന് റാക്കറ്റ് കൈകൊള്ളുന്നത്. ഇത്തരം വില്‍പ്പനക്ക് നേതൃത്വം നല്‍കുന്നവര്‍ രാജ്യത്തിന് പുറത്തു നിന്നാണ് കൊടുക്കല്‍ വാങ്ങലുകള്‍ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.