എക്സാലോജിക്കിന് കുരുക്ക് മുറുകുന്നു; എസ്എഫ്ഐഒയ്ക്ക് രേഖകൾ പിടിച്ചെടുക്കാനും അറസ്റ്റിനും അധികാരം

0
679

തിരുവനന്തപുരം: തന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയത് വീണാ വിജയന് കനത്ത തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കവേ സിപിഎമ്മിനും പ്രഹരമാണ് കോടതി വിധി. സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളുടെ രേഖകൾ വീണ എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടിവരും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രേഖകൾ പിടിച്ചെടുക്കാനും അറസ്റ്റിനുമുള്ള അധികാരം എസ്എഫ്ഐഒയ്ക്കുണ്ട്. വീണയുടെ കമ്പനിയുടെ ഇടപാടുകൾ പ്രതിപക്ഷം തിരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കുമെന്നതിനാൽ അതിനു പ്രതിരോധം തീർക്കേണ്ട ബാധ്യത സിപിഎമ്മിലേക്ക് എത്തുകയാണ്.

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന കെഎസ്ഐഡിസി ആവശ്യം കേരള ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു കർണാടക ഹൈക്കോടതി വീണയുടെ കമ്പനിയുടെ ഹർജിയും തള്ളിയത്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള മാസപ്പടി കേസിൽ സിഎംആർഎലിൽ നിന്നും എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുള്ള സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയിലും പരിശോധന നടത്തി. പരിശോധനയ്ക്ക് എതിരെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിമർശനമുണ്ടായി. എസ്എഫ്ഐഒ അന്വേഷണം നിർത്തണമെന്ന് കെഎസ്ഐഡിസി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നും കോടതി ചോദിച്ചു.

അതേദിവസം, കെഎസ്ഐഡിസിയുടെ ലോൺ സോഫ്‍‍റ്റ്‍വെയറിലെ ഇടപാടുകളുടെ രേഖകൾ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ തലസ്ഥാനത്തെ ഓഫിസിലെത്തി ശേഖരിച്ചു. വീണയ്ക്ക് നോട്ടിസ് നൽകാനായിരുന്നു അടുത്ത നീക്കം. ഇതോടെയാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വളരെ വേഗത്തിൽ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം നടക്കുന്നതിനിടയിൽ മറ്റൊരു വകുപ്പു ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. സിഎംആർഎലിൽനിന്ന് 1.72 കോടിരൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും വിപുലമായി അന്വേഷിക്കണമെന്നുമാണ് എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയിൽ വാദിച്ചത്.  

അന്വേഷണം തടയണമെന്ന ആവശ്യം തള്ളിയതോടെ വരും ദിവസങ്ങളിൽ എസ്എഫ്ഐഒ അന്വേഷണം വീണയുടെ കമ്പനിയിലേക്ക് എത്തും. ബെംഗളൂരുവിലെ കമ്പനി ഇപ്പോൾ പ്രവർത്തിക്കാത്തതിനാൽ വീണയ്ക്ക് നോട്ടിസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കാം. രേഖകൾ ശേഖരിക്കാൻ റെയ്ഡ് നടത്താം. ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം ഉപയോഗിച്ചാണു വീണ കമ്പനി തുടങ്ങിയതെന്നാണു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇതിൻറെയടക്കം രേഖകൾ നൽകേണ്ടിവരും.

ഏത് അന്വേഷണത്തെയും പാർട്ടി സ്വാഗതം ചെയ്തപ്പോഴാണ് അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചത്. ഇതിനെതിരെ രണ്ട് ഹൈക്കോടതികളും പ്രതികരിച്ചതോടെ പാർട്ടിയും പ്രതിരോധത്തിലായി. ചരിത്രത്തിലില്ലാത്ത വിധം, പാർട്ടി രേഖയിൽ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെ സിപിഎം ന്യായീകരിച്ചു. ഇതിനെതിരെ പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേരുന്ന ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഹൈക്കോടതി വിധിയും വരുന്നത്.

സിഎംആർഎലിനു കരിമണൽ ഖനനം നടത്താൻ സഹായം നൽകുന്നതിനാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പ്രതിമാസം 8 ലക്ഷം രൂപ മൂന്നു വർഷത്തോളം മാസപ്പടി നൽകിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സേവനം നൽകാതെയാണ് സിഎംആർഎൽ വീണയുടെ കമ്പനിക്ക് പ്രതിഫലം നൽകിയതെന്ന് ആർഒസി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക