ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദേ മില്ലത്ത് സെന്ററിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പേരില്‍ ഇന്ന് ഡല്‍ഹിയില്‍ രജിസ്‌ട്രേഷന്‍ നടന്നു. പാര്‍ട്ടി നേതാക്കളായ പ്രൊ. ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി തുടങ്ങിയ മുസ്ലിം ലീഗിന്റെ നേതാക്കള്‍ പങ്കെടുത്തു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കുറം അനീസ് ഉമര്‍,മുസ്ലിം ലീഗ് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, സെക്രട്ടറി ഫൈസല്‍ ഷെയ്ക്ക്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പാർട്ടി രൂപീകരിച്ചതു മുതൽ ചെന്നൈ മണ്ണടിയിലെ ‘ഖാഇദെ മില്ലത്ത് മൻസിലാണ്’ പാർട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനം. അഖിലേന്ത്യാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ പദ്ധതിയുടെ ഭാഗമായാണ് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുന്നത്. പാർട്ടിയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് ഇസ്മായിലിന് അനുയായികൾ നൽകിയ സ്ഥാനപ്പേരാണ് ‘ഖാഇദെ മില്ലത്ത്’.
1948 മാർച്ച് 10ന് ചെന്നൈയിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത്. അന്നുമുതൽ ചെന്നൈയിലാണ് പാർട്ടിയുടെ അഖിലേന്ത്യാ ആസ്ഥാനം. ഇതിനിടെ, കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലേക്കു വരെ പാർട്ടി വളർന്നെങ്കിലും അഖിലേന്ത്യാ ആസ്ഥാനം ചെന്നൈയിൽ തുടർന്നു. ദേശീയതലത്തിൽ പാർട്ടിയെ വളർത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നേതൃത്വം സ്വയം വിമർശനം നടത്തിയിരുന്നു. അന്നു പ്രഖ്യാപിച്ച കർമപദ്ധതിയിലെ മുഖ്യ ഇനമായിരുന്നു ഡൽഹിയിലെ അഖിലേന്ത്യാ ആസ്ഥാനം.
ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിൽ കെട്ടിടം കണ്ടെത്തി ഇടപാട് ഉറപ്പിച്ചതോടെ പാർട്ടി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും പണം സ്വരൂപിച്ചാണ് ഇത് യാഥാർഥ്യമാക്കിയത്. ഖാഇദെ മില്ലത്ത് ദേശീയ ആസ്ഥാന മന്ദിരത്തിനുവേണ്ടി ഓൺലൈൻ ധനസമാഹരണത്തിൽ നേരത്തെ ലക്ഷ്യമിട്ട 25 കോടിയും കടന്ന് 26,77,58,592 കോടി രൂപയാണ് ഒഴുകി എത്തിയത്. പാർട്ടിയുടെ സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഖാഇദെ മില്ലത്ത് സെന്ററിനെ മാറ്റാനാണ് തീരുമാനം. ഡൽഹിയിൽ പഠിക്കുന്ന മലയാളി കുട്ടികൾക്ക് താമസ സൗകര്യമുൾപ്പെടെ വിഭാവനം ചെയ്യുന്നുണ്ട്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയശേഷം മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു…
പ്രിയപ്പെട്ട മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരേ,
സംഘടനാ ചരിത്രത്തിലെ സുവര്‍ണതിളക്കമായി
ഖാഇദേ മില്ലത്ത് സെന്ററിന്റെ ഉടമസ്ഥാവകാശം ഇന്ന് ഡല്‍ഹിയിലെ ആസഫലി റോഡ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലേക്ക് ചേര്‍ത്തെഴുതിയതോട് കൂടി ഡല്‍ഹിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് ഒരു ആസ്ഥാനം എന്ന മഹത്തായ സ്വപ്നത്തെ നമ്മള്‍ സാധ്യമാക്കിയിരിക്കുകയാണ്.
ഈ സുന്ദര മുഹൂര്‍ത്തത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നു. നിങ്ങളുടെ ഹൃദയതുടിപ്പുകള്‍ കേള്‍ക്കുന്നു. ഈ അഭിമാനം, സന്തോഷം നിങ്ങളുടേത് കൂടിയാണ്. നിങ്ങളുടെ പിന്തുണ തന്ന കരുത്ത്, ഉപാധികളില്ലാത്ത സ്‌നേഹം, ലാഭേച്ചയില്ലാത്ത നിതാന്ത പരിശ്രമങ്ങള്‍ അതൊന്ന് മാത്രമാണ് നമ്മെ ഈ സ്വപ്ന നേട്ടത്തിലേക്ക് കൊണ്ടെത്തിച്ചത്.
നമുക്കിനിയും മുന്നോട്ട് പോകാനുണ്ട്. അഭിമാനത്തോട് കൂടി തലയുയര്‍ത്തി പിടിച്ച് തന്നെ നമ്മള്‍ ഈ രാജ്യത്ത് ജീവിക്കും.പുതിയ കാലത്തേക്ക് നമുക്ക് കൂടുതല്‍ വിഭവങ്ങള്‍ ഒരുക്കാനുണ്ട്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കത്തിന് നമ്മള്‍ കാവലാകേണ്ടതുണ്ട്. അതിന് നമ്മുടെ അസ്തിത്വത്തെ ഇല്ലാതാക്കാന്‍ കോപ്പ് കൂട്ടുന്നവരുടെ മുന്നില്‍ ഡല്‍ഹിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആസ്ഥാന മന്ദിരം നിലമൊരുക്കട്ടെ. നമുക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ട് നടക്കാം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക