യാംബു: പൂക്കളുടെ കാഴ്ചകളൊരുക്കി 14ാം യാംബു പുഷ്പോത്സവത്തിന് തുടക്കം. യാംബു റോയൽ കമീഷനിലെ യാംബു-ജിദ്ദ ഹൈവേയോടുചേർന്നുള്ള അൽ മുനാസബാത്ത് ഉദ്യാനത്തിലാണ് പുഷ്പോത്സവം.
സ്ട്രോബറി പാർക്ക്, പൂന്തോട്ട പരിപാലനം സംബന്ധിച്ച പ്രത്യേക പവിലിയനുകൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും വിവിധ പാർക്കുകൾ, റീ സൈക്കിൾ ഗാർഡൻ, പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, വിവിധ ഭക്ഷ്യവിഭവങ്ങളുടെ അപൂർവ ശേഖരങ്ങളുമായി ഫുഡ് കോർട്ടുകൾ, അറിയപ്പെടുന്ന കലാസംഘങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ, കുട്ടികൾക്കുള്ള വിവിധ പഠനശിൽപശാലകൾ, ആകാശത്ത് വർണ വിസ്മയം തീർക്കുന്ന കരിമരുന്ന് പ്രകടനങ്ങൾ തുടങ്ങി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ സംവിധാനങ്ങൾ ഇത്തവണത്തെ മേളയിൽ ഒരുക്കിയിട്ടുണ്ട്.2024’ മാർച്ച് ഒമ്പത് വരെ നീണ്ടുനിൽക്കും.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി 12.30 വരെയുമാണ് സന്ദർശകർക്ക് പ്രവേശനം. 11.50 റിയാലാണ് ടിക്കറ്റ് ചാർജ്. https://yanbuflowerfestival.com.sa/en എന്ന ലിങ്കിൽനിന്ന് ടിക്കറ്റ് എടുക്കാനാവും.24 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ എല്ലാ ദിവസങ്ങളിലും സന്ദർശനം നടത്താൻ ഒറ്റ തവണയെടുക്കുന്ന പ്രവേശന പാസ് മതിയാകുമെന്ന് സംഘാടകർ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.