റിയാദ്: സഊദിയിലെ റിയാദിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു പൗരനെ കോളപ്പെടുത്തുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ അഞ്ചു പേരും സഊദി പൗരന്മാരാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അലി സിദ്ദിഖ് എന്ന സഊദി പൗരനെ വധിച്ചതിനും ഖാലിദ് ബിൻ ദലക് ബിൻ മുഹമ്മദ് ഹംസിയെ കൊല്ലാൻ ശ്രമിച്ചതിനുമാണ് ശിക്ഷ നടപ്പാക്കിയത്. മിഷാൽ ബിൻ അലി ബിൻ മുഹമ്മദ് വാൽബി, ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ അലി ബിൻ സയ്യിദ് അൽ മസാവി, സുൽത്താൻ ബിൻ മുഹമ്മദ് ബിൻ ഗരാമ അൽ അസ്മരി, അബീർ ബിൻത് അലി ബിൻ ദാഫർ അൽ മുഹമ്മദ് അൽ അമ്രി, ബയാൻ ബിൻത് ഹഫീസ് ബിൻ എന്നിവർക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ആളുകളെ വശീകരിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സംഘമായിരുന്നു അക്രമം നടത്തിയത്. അക്രമികൾ ഇരയെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുവന്നു തോക്കിൻ മുനയിൽ നിർത്തി കെട്ടിയിട്ട് കൊള്ളയടിക്കുകയായിരുന്നു. അക്രമികൾ ഇരയെ വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തു. ഇരുമ്പു കമ്പികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിക്കുകയും ചെയ്തു. മെഡിക്കൽ നിയന്ത്രണത്തിന് വിധേയമായ അനസ്‌തെറ്റിക്‌സ്, സാനാക്‌സ്, ലിറിക്ക ഗുളികകളും ഇവർ ഉപയോഗിച്ചിരുന്നു. മയക്കുമരുന്ന് കഴിക്കുകയും മറ്റുള്ളവരെ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘത്തെ സുരക്ഷാസൈന്യം ഇടപെട്ടാണ് പിടികൂടിയത്.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് കോടതിക്ക് റഫർ ചെയ്തു. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും മറ്റുള്ളവരുടെ ജീവിതത്തിലും ധനത്തിലും അന്യായമായി അതിക്രമിച്ച് കയറുകയും ചെയ്ത പ്രതികളെ കോടതി ഹറാബ് വിധി പ്രകാരം വധ ശിക്ഷക്ക് വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വധശിക്ഷാ വിധി ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽകോർട്ട് ഉത്തരവിടുകയും ഞായറാഴ്ച പ്രതികൾ അഞ്ച് പേരെയും റിയാദിൽ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക