ഇടിയോട് ഇടി; 20 മിനിറ്റില്‍ 50 വാഹനാപകടങ്ങള്‍

0
1815

ദുബൈ: 20 മിനിറ്റില്‍ ദുബൈയില്‍ രേഖപ്പെടുത്തിയത് 50 റോഡപകടങ്ങള്‍. തിങ്കളാഴ്ച രാവിലെ പീക്ക് റഷ് അവറില്‍ ദുബൈ പൊലീസിന്‍റെ ഔദ്യോഗിക പൊലീസ് ആപ്പില്‍ രേഖപ്പെടുത്തിയ കണക്കാണിത്. ചെറുതും വലുതുമായ 50 റോഡപകടങ്ങളാണ് രേഖപ്പെടുത്തിയത്. 

ദുബൈയിലെ പ്രധാന റോഡുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ട് വലിയ വാഹനാപകടങ്ങള്‍ ഉണ്ടായതായി ദുബൈ പൊലീസ് അറിയിച്ചു. ആദ്യത്തേത് ഹെസ്സ സ്ട്രീറ്റില്‍, സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിന് എതിര്‍വശത്താണുണ്ടായത്. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി.

തുടര്‍ന്ന് ഈ റോഡിലൂടെ പോകുന്ന യാത്രക്കാരോട് സമാന്തര റോഡുകളിലേക്ക് തിരിയാന്‍ അറിയിക്കുകയായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍, ഇന്‍റര്‍നാഷണല്‍ സിറ്റിക്ക് എതിര്‍വശത്തായാണ് രണ്ടാമത്തെ വലിയ അപകടമുണ്ടായത്. ഇതിന് പിന്നാലെ ഇവിടെയും ഗതാഗത തടസ്സമുണ്ടായി.  ഒരു ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുമുണ്ട്.