നടന്‍ സിദ്ദിഖ്, രാഹുല്‍ മാങ്കൂട്ടത്തില്‍, ഷമ മുഹമ്മദ്; മിന്നിക്കാന്‍ കോണ്‍ഗ്രസ്, അന്തിമ ചര്‍ച്ചയില്‍

0
3586

ചാലക്കുടിയില്‍ മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥി; ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വമ്പന്‍ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പങ്കെടുപ്പിച്ച് തൃശൂരില്‍ കൂറ്റന്‍ സമ്മേളനം നടത്തി നരേന്ദ്ര മോദിയുടെ വരവിനുള്ള മറുപടി നല്‍കിയാണ് തുടക്കം. സിറ്റിങ് എംപിമാര്‍ മല്‍സരിക്കണം എന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വം നല്‍കിയത്. എന്നാല്‍ മൂന്നിടത്ത് മാറ്റത്തിന് സാധ്യതയുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൊടിക്കുന്നില്‍ സുരേഷ് ഇത്തവണ മല്‍സരിക്കാനില്ല എന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ മല്‍സരിക്കണമെന്നാണ് അദ്ദേഹത്തിന് നല്‍കിയ നിര്‍ദേശം. പത്തനംതിട്ടയില്‍ നിന്ന് മാറാന്‍ ആന്റോ ആന്റണി ശ്രമിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലത്തില്‍ ഒന്നേ മുക്കാള്‍ ലക്ഷത്തോളം കള്ളവോട്ടുണ്ടെന്ന് കാണിച്ച് അദ്ദേഹം പരാതി നല്‍കി.

മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല എന്ന ആക്ഷേപം നിലവിലുണ്ട്. ഇത്തവണ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ ഏക മണ്ഡലമായ ആലപ്പുഴയില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. കണ്ണൂര്‍ മണ്ഡലത്തിലും ഈ ആലോചന നടക്കുന്നുണ്ട്.

ഇത്തവണ ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. ഇതിനോട് ദേശീയ നേതൃത്വവും യോജിക്കുന്നു എന്നാണ് വിവരം. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കെ സുധാകരനും കൊടിക്കുന്നിലും ആഗ്രഹിക്കുന്നത്. ആലപ്പുഴയിലും കണ്ണൂരും പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

കെ സുധാകരന്‍, വിഡി സതീശന്‍, എംഎം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരടങ്ങിയ സമിതി ഈ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കും. കണ്ണൂരില്‍ തനിക്ക് അടുപ്പമുള്ള വ്യക്തിയുടെ പേര് കെ സുധാകരന്‍ ബദലായി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ആ വ്യക്തിയെ പരിഗണിച്ചില്ലെങ്കില്‍ ഷമ മുഹമ്മദിനാകും സാധ്യത.

ആലപ്പുഴയില്‍ നടന്‍ സിദ്ദിഖ്, ജില്ലയിലെ മുതിര്‍ന്ന നേതാവ് എഎ ഷുക്കൂര്‍, ബിആര്‍എം ഷഫീര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് പരിഗണനാ പട്ടികയിലുള്ളത്. ഇവരെ മാറ്റി നിര്‍ത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മല്‍സരിച്ചേക്കും. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ മല്‍സരിച്ചില്ലെങ്കിലും പരിഗണന രാഹുല്‍ മാങ്കൂട്ടത്തിലിനാകും.

മുസ്ലിം സ്ഥാനാര്‍ഥികളെ പരിഗണിക്കാത്ത കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ എതിരാളികള്‍ ചര്‍ച്ചയാക്കുമെന്ന ആശങ്ക ചില നേതാക്കള്‍ പങ്കുവച്ചു. രാഹുല്‍ ഗാന്ധി മല്‍സരിക്കില്ലെങ്കില്‍ വയനാട് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. വടകരയും കണ്ണൂരുമാണ് ലീഗ് നോട്ടമിടുന്ന മറ്റു രണ്ട് മണ്ഡലങ്ങള്‍. ഇന്ന് വിഷയം മുസ്ലിം ലീഗ് ഉന്നത നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു. നാളെ ബജറ്റിന് ശേഷം വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യും.

ചാലക്കുടിയില്‍ മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥി?; ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍. എല്‍.ഡി.എഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി. ഈ നിലക്ക് രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിനപ്പുറത്ത് വിജയസാധ്യതയുള്ള മത്സരാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കമെന്നാണ് വിലയിരുത്തല്‍. ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായാണ് വിവരം.

2014-ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ചാക്കോയെ 13,879 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബെന്നി ബെഹനാന്‍ 1,32,274 വോട്ടുകള്‍ക്ക് ഇന്നസെന്റിനെ തോല്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലെ സെലബ്രറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനാണ് സാധ്യതയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം.

മഞ്ജുവാര്യരെക്കൂടാതെ ഡി.വൈ.എഫ്.ഐ. നേതാവ് ജെയ്ക് സി. തോമസ്, മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.ഐ.ടി.യു. നേതാവ് യു.പി. ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യു.പി. ജോസഫ്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോക്സഭ മണ്ഡലം. പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008 ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും യു.ഡി.എഫിനൊപ്പമായിരുന്നു മണ്ഡലം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക