റിയാദ്: മലയാളി താരത്തിന്റെ കരുത്തില്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സഊദി അറേബ്യക്ക് നേട്ടം. 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആൻഡ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സഊദിയെ പ്രതിനിധീകരിച്ച കൊടുവള്ളി സ്വദേശിനിയും റിയാദിലെ സ്കൂൾ വിദ്യാർഥിയുമായ ഖദീജ നിസയാണ് സഊദി അറേബ്യക്കായി മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയത്. ഇതോടെ, മലയാളികൾക്ക് അഭിമാനമായി മാറിയ ഖദീജ, സഊദിയുടെ കണ്ണിലുണ്ണിയുമായി വീണ്ടും ഇടം പിടിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെള്ളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ് ഇത്തവണ ഖദീജ സഊദിക്കായി നേടിക്കൊടുത്തത്. മിക്‌സഡ് ഡബിള്‍സില്‍ സഊദിയിൽനിന്നുള്ള യമസാന്‍ സൈഗും ഗേള്‍സ് ഡബിള്‍സില്‍ അല്‍ ബുതുല്‍ അല്‍ മുതൈരിയുമാണ് ഖദീജയോടൊപ്പം കളത്തിലിറങ്ങിയത്.
റിയാദിൽ നടന്ന കടുത്ത മത്സരത്തിൽ പ്രമുഖ അറബ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ കളിക്കളത്തിൽ ഉറങ്ങിയിരുന്നു. സിറിയ, ജോർദന്‍, ഇറാഖ്, ബഹ്‌റൈന്‍, ഫലസ്തീന്‍, ഈജിപ്ത്, ലബനൻ, അള്‍ജീരിയ, സുഡാന്‍, മൊറോക്കൊ, മൗറിത്താനിയ, തുനീഷ്യ, ലിബിയ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറിലധികം താരങ്ങളാണ് അഞ്ച് ദിവസം നീണ്ട ടൂർണമെന്റില്‍ അണിനിരന്നത്.
സഊദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണം നേടിയ ഖദീജ നിസ സഊദി അറേബ്യക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് രണ്ട് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലുകള്‍ നേടിയിരുന്നു. സഊദി ദേശീയ ഗെയിംസിലും ഇവർ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ കോഴിക്കോട് കൊടുവള്ളിക്കാരിയായ ഈ പെൺകൊടി ഒന്നാം സ്‌ഥാനം നേടുന്നവർക്കുള്ള 10 ലക്ഷം റിയാൽ സമ്മാന നേട്ടമാണ് 2022 ലെ ഫൈനലിൽ നേടിയത്. സഊദി അറേബ്യയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാനും മത്സരിക്കാനും അവസരം നൽകുന്നുണ്ട്. അങ്ങനെയാണ് ഖദീജയ്ക്കും ദേശീയ ചാംപ്യനും താരവുമാകാനുള്ള വാതിൽ തുറന്നതും സഊദി ഗെയിംസിൽ കളത്തിലിറങ്ങിയതും.
നേരത്തെ, ബഹ്റൈനിൽ നടന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയർ ഇന്റർ നാഷനൽ ചാംപ്യൻഷിപ്പിലും കൈനിറയെ മെഡലുകളാണ് സഊദിയെ പ്രതിനിധീകരിച്ച് നേടിയത്. വ്യക്തിഗത ഇനത്തിലും ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിലുമാണ് സ്വർണവും വെള്ളിയും ബ്രോൺസും തൂത്തുവാരി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചത്. ആദ്യ ദേശീയ ഗെയിംസിൽ പങ്കെടുക്കാനെത്തുമ്പോൾ 1200 ലായിരുന്ന ലോക റാങ്ക്. എന്നാൽ, കഴിഞ്ഞ തവണ 133-ാം റാങ്ക് നേട്ടവുമായാണ് മൽസരത്തിനിറങ്ങുന്നത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏഴോളം രാജ്യാന്തര ടൂർണമെന്റുകളിലായി സഊദിയെ പ്രതിനിധീകരിച്ച് മികച്ചപ്രകടനം നടത്തിയതോടെ റാങ്കിങ് പട്ടികയിൽ ഉയരുകയായിരുന്നു.
റിയാദിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്ന എഞ്ചിനീയറായ പിതാവ് കൊടുവള്ളി, കൂടത്തിങ്കൽ ലത്തീഫ് കോട്ടൂർ നാട്ടിലും സഊദിയിലും ബാഡ്മിന്റൺ കളിക്കുന്നുണ്ട്. ലത്തീഫിന്റെ പിതാവായ കുടത്തിങ്ങൽ ഇബ്രാഹീം ഹാജിയും കൊടുവള്ളിയിൽ പേരെടുത്ത പഴയകാല ബോൾബാഡ്മിന്റൺ പ്ലയറും, വോളിബോൾ കളിക്കാരനും കളരിഗുരുക്കളുമായിരുന്നു. പ്രവാസ ലോകത്തും ബാഡ്മിന്റൺ കളിതുടർന്ന ലത്തീഫ് ഒപ്പം മക്കളെയും കൂടെ കൂട്ടുമായിരുന്നു. റിയാദിലെ സിൻമാർ ബാഡ്മിന്റൺ അക്കാദമിയിൽ പിതാവ് ഷട്ടിൽ കളിക്കുന്നത് സ്ഥിരം കാഴ്ചയായത് ഖദീജക്കും ഒപ്പം സഹോദരങ്ങൾക്കും റാക്കറ്റ് കൈകളിലേന്താൻ പ്രേരണയായി.
സഊദിയില്‍ ദേശീയ പരിശീലകനായ അമ്മാർ അവാദിന്റെ കീഴിലാണ് പരിശീലിച്ചത്. ഖസാക്കിസ്ഥാനിൽ നടന്ന ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഡബിൾസിൽ മൽസരിച്ച് രാജ്യാന്തരതലത്തിൽ ആദ്യമായി സഊദിക്കായി വിജയം നേടിയതും ഖദീജയുടെ ടീമായിരുന്നു. മെക്സിക്കൻ ചാലഞ്ച്, മാലദീവ്സ്, മൌറീഷ്യസ്, ബഹ്റൈൻ, ഈജിപ്റ്റ്, അൾജീരിയ അടക്കം നിരവധി രാജ്യാന്തര ടൂർണമെന്റുകളിലാണ് സഊദിക്കായി മികച്ച വിജയം നേടിയത്.
കഴിഞ്ഞ വർഷം ദേശീയ ഗെയിംസിൽ മൽസരിച്ച് വിജയിച്ചതോടെ 10 ലക്ഷം റിയാൽ സമ്മാനം നേടി. ഒരു സ്വപ്നമുണ്ടെങ്കിൽ അത് സാധ്യമാക്കാനായി പരിശ്രമിക്കുക, പോരാടുക, മറ്റുള്ളവരെന്തു പറയുമെന്ന് കരുതി പാതിവഴിയിൽ സ്വപ്നം ഉപേക്ഷിക്കാതിരിക്കുക അതാണ് തന്റെ കായികജീവിത സ്വപ്നങ്ങള്‍ക്ക് കരുത്തു പകരുന്നതെന്ന് ഖദീജ നിസ പറയുന്നു. മറ്റു സഹോദരങ്ങൾ നേഹ ലത്തീഫ്, ഹെയ്സ് മറിയം എന്നിവരാണ്. മാതാവ് ഷാനിത.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക