മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വെച്ചതിന് ഉംറ യാത്രികനായ മലയാളി പിടിയിൽ

0
3055

ജിദ്ദ: ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്നുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി പിടിയിൽ. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വെച്ചതിനാണ് ബസിൽ ഉംറ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു മലയാളി യുവാവ് പിടിയിലായത്. ഇദ്ദേഹത്തെ നിയമനടപടികൾക്കായി ജയിലിലേക്ക് മാറ്റിയെന്ന് വാർത്ത പ്രസിദ്ധീകരിച്ച ന്യൂസ്‌ പോർട്ടൽ റിപ്പോർട്ട് പറയുന്നു. തിരൂർ സ്വദേശിയാണ് പോലീസ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം നാട്ടിൽ നിന്നു വരുന്ന സമയത്ത് കൊണ്ട് വന്ന മരുന്നാണ് പിടികിടിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. അൽ ബാഹയിൽ വെച്ച് നാർക്കോട്ടിക് വിഭാഗം പോലീസ് മുഴുവൻ യാത്രക്കാരെയും പരിശോധിച്ചു. പരിശോധനയിൽ ഇദ്ദേഹത്തിൽ നിന്ന് മരുന്നുകൾ കണ്ടെത്തുകയും ഇത് സഊദിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നടുവേദനക്കായി നാട്ടിൽ നിന്ന് ഡോക്ടർ കുറിച്ച് കൊടുത്ത ഗാബാപെന്റിൻ എന്ന വേദന സംഹാരിയാണ് ഇദ്ദേഹത്തിൽനിന്നു പിടിച്ചെടുത്തത്. ഈ മരുന്ന് ഡോക്ടറുടെ പ്രത്യേക കുറിപ്പടിയോടെ ഹോസ്പിറ്റൽ ഫാർമസികളിൽ കർശന നിയന്ത്രണങ്ങളോടെ മാത്രമാണ് നൽകാറുള്ളത്.

നാട്ടിൽ നിന്ന് വരുന്ന സമയത്ത് വിമാനത്താവളത്തിൽ കാണിക്കാൻ ആവശ്യമായ രേഖകൾ ഇദ്ദഹം കരുതിയിരുന്നെങ്കിലും മക്കത്തേക്കുള്ള ഉംറ യാത്രയിൽ അതു കരുതിയിരുന്നില്ല. ഇതാണ് യുവാവിന് വിനയായത്. ഡോക്ടർ നൽകിയ പ്രിസ്‌ക്രിപ്ഷൻ കൈവശം ഉണ്ടായിരുന്നുവെങ്കിൽ പരിശോധനയിൽ അതു കാണിച്ചാൽ നടപടികൾക്കു വിധേയനാകേണ്ടി വരില്ലായിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തെ മതിയായ രേഖകൾ ഹാജരാക്കി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മോചിപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തി വരികയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നേരത്തെയും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. ഏതാനും ദിവസം മുമ്പ് ജിദ്ദയിൽ വെച്ച് മറ്റൊരാൾക്കും ഇതേ അനുഭവമുണ്ടായി. രാവിലെ ജോലിക്കായി കമ്പനി ബസിൽ പോകുന്നതിനിടെ ഉച്ചക്ക് കഴിക്കാനുള്ള രണ്ട് ഗുളിക ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഇദ്ദേഹം പോക്കറ്റിലിട്ടിരുന്നു. പോലീസ് പരിശോധനയിൽ ഇത് കണ്ടെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സഊദിയിൽ പല മരുന്നുകൾക്കും വിലക്കുണ്ട്. എന്നാൽ, ഇവയിൽ പലതും നാട്ടിൽ ലഭ്യവുമാണ്. നാട്ടിൽ ഡോക്ടർമാരെ കണ്ട് വാങ്ങുന്ന മരുന്നിൽ പലതും ഇവിടെ നിരോധിക്കപ്പെട്ടതും നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രം നൽകുന്നതുമാണ്. ചികിത്സാ രേഖകളും ഡോക്ടറുടെ കുറിപ്പടിയും ഉൾപ്പടെയുള്ള മതിയായ രേഖകൾ ഉണ്ടെങ്കിൽ ഇത്തരം മരുന്നുകൾ ആവശ്യത്തിനു കൈവശം വെക്കുന്നത് അനുവദിക്കപ്പെടും. എന്നാൽ, പരിശോധനാ വേളയിൽ രേഖകൾ ഹാജരാക്കാൻ കഴിയാതെ പോയാൽ പിടിക്കപ്പെടാനും നിയമ നടപടികൾക്കു വിധേയരാവാനും ഇടയാവും.

സഊദിയിൽ ചില വേദന സംഹാരികൾ മയക്കുമരുന്നിന്റെ ഗണത്തിൽ പെടുന്നവയായതിനാലാണ് ഇത്തരം മരുന്നുകൾ മതിയായ രേഖകളില്ലാതെ കൈവശം വെക്കുന്നവർ പിടിക്കപ്പെടാൻ ഇടയാക്കുന്നത്. നിലവിൽ മയക്കുമരുന്ന് പരിശോധന കർശനമായി നടന്നുവരുന്നതിനാൽ ഏത് സമയവും എവിടെ വെച്ചും വാഹനം ഉൾപ്പെടെ കർശന പരിശോധനകൾക്ക് വിധേയമായേക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാർത്താകടപ്പാട്: മലയാളം ന്യൂസ്‌