രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു; അന്വേഷണം ആരംഭിച്ചു

0
952

മനാമ: രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. ബഹ്റൈന്‍ തുറമുഖത്താണ് സംഭവം.
റോയല്‍ നേവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വെള്ളിയാഴ്ച ബഹ്റൈന്‍ ഹാര്‍ബറിലാണ് സംഭവം ഉണ്ടായത്. സമുദ്ര മൈനുകള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനക്ക് കീഴിലെ കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

തുറമുഖത്ത് നങ്കൂരമിടുന്നതിനിടെ എച്ച്എംഎസ് ചിഡിംഗ് ഫോള്‍ഡ് പിന്നോട്ടെടുക്കുന്നതിനിടെ എച്ച്എംഎസ് ബാന്‍ഗൊറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ എച്ച്എംഎസ് ബാന്‍ഗൊറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.