ഇരട്ട സഹോദരന്‍റെ വിയോഗ വാർത്ത അറിഞ്ഞ് പ്രവാസി മനംനൊന്ത് മരിച്ചു

0
2227

ദുബായ്: ഇരട്ട സഹോദരന്‍റെ വിയോഗ വാർത്ത അറിഞ്ഞ് പ്രവാസി മനംനൊന്ത് മരിച്ചു. അപകടത്തെ തുടർന്നാണ് നാട്ടിലുള്ള സഹോദരൻ മരിച്ചത്. ഈ വിവരം അറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ദുബായിലുള്ള  പ്രവാസിയായ സഹോദരനും വിടവാങ്ങി.
പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇരുവരും വിവാഹം കഴിച്ചതും ഇരട്ടസഹോദരികളെയാണ്. ജന്മനാടായ തിരുവനന്തപുരത്ത് അന്തിമ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ മരിച്ച സഹോദരന് സമീപം തന്നെ പ്രവാസിയായ സഹോദരനെയും സംസ്കരിച്ചു. സഹോദരന്മാർ പരസ്പരം വളരെയധികം അടുപ്പമുള്ളവരെയായിരുന്നു.

നാട്ടിലുള്ള സഹോദരന്‍റെ വിയോഗ വാർത്ത അറിഞ്ഞ് പ്രവാസിയായ സഹോദരൻ അവന് പകരം ദൈവം തന്നെ എടുത്തിരുന്നെങ്കിൽ എന്ന റൂമിൽ താമസിച്ചിരുന്നവരോട് പറഞ്ഞു. ഇതിന് ശേഷം അരമണിക്കൂറിനുള്ളിൽ  പ്രവാസിയായ സഹോദരനും വിടപറഞ്ഞതായി ദുബായിൽ ഒരുമിച്ച് താമസിച്ചിരുന്നവർ അനുസ്മരിച്ചു. 

സഹോദരങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. സ്കൂൾ കാലം മുതൽ, അവർ എപ്പോഴും പരസ്പരം താങ്ങുംതണലുമായിരുന്നു. ഒരേ സ്‌കൂളിലും കോളേജിലും പഠിച്ച് ഒരേ സൗഹൃദവലയം കാത്ത് സൂക്ഷിച്ചവർ. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സഹോദരൻ മൂത്തയാളായിരുന്നു.

ഇരട്ട സഹോദരനെ എപ്പോഴും സംരക്ഷിക്കുന്ന സ്വഭാവമായിരുന്നു മൂത്ത സഹോദരനുള്ളത്. ഇളയ സഹോദരൻ ജോലിക്കായി യുഎഇയിൽ എത്തിയപ്പോഴും അവരുടെ  സ്നേഹ ബന്ധം ശക്തമായി തുടർന്നു. നാട്ടിൽ താമസിച്ചിരുന്ന ഇളയ സഹോദന്‍റെ കുടുംബത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്ത് കൊടുത്തത് മൂത്ത സഹോദരനായിരുന്നു. മിക്കവാറും എല്ലാ ദിവസവും ഇരുവരും പരസ്പരം വിശേഷങ്ങൾ പങ്കുവച്ചിരുന്നു. 

മൂത്ത സഹോദരൻ മരിച്ച വാർത്ത അറിഞ്ഞതോടെ ദുബായിലുള്ള ഇരട്ട സഹോദരൻ ദുഖിതനായിരുന്നു. പകൽ മുഴുവൻ കരഞ്ഞു. ഊണും ഉറക്കവും നഷ്ടമായതായി റൂമിൽ താമസിച്ചിരുന്നവർ പറഞ്ഞു. മൂത്ത സഹോദരൻ മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഇളയ സഹോദരനും മരിച്ചു. 

∙ അഷ്റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു പ്രവാസിയുടെ കഥ പറയാം.  ഇരട്ടകളായിപിറന്ന ഇദ്ദേഹത്തിന്റെ കൂടെപ്പിറപ്പ് നാട്ടിലാണ്. ഇരട്ടകളെ തന്നെ വിവാഹം കഴിച്ച സഹോദരൻമാർ. ചെറിയ അപകടത്തെ തുടർന്ന് നാട്ടിലുള്ള സഹോദരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഈ വിവരം അറിഞ്ഞ് അധികം കഴിയുന്നതിന് മുൻപ് തന്നെ ഇങ്ങു പ്രവാസ ലോകത്തുള്ള സഹോദരനും മരണത്തിന് കൂട്ടുപോയി. നടപടി ക്രമങ്ങൾ പൂര്തത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു. നാട്ടിൽ മരണപ്പെട്ട സഹോദരന്റെ അടുത്ത് തന്നെ ഇദ്ദേഹത്തിന്റെ മൃതദേഹവും അടക്കം ചെയ്തു. ഒരേ അമ്മയുടെ വയറ്റിൽ ജന്മം കൊണ്ടവർ അടുത്തടുത്ത ദിവസങ്ങളിൽ തന്നെ തിരികെ യാത്രയായി. ഇരുമെയ്യായിരുന്നെങ്കിലും ഒരേ മനസ്സായിരുന്നു ഇരുവർക്കും. ഒരേപോലെ കളിച്ചു വളർന്ന സഹോദരങ്ങൾ. തന്റെ സഹോദരനില്ലാത്ത ലോകം ശൂന്യമാണെന്ന തിരിച്ചറിവായിരിക്കാം ഇദ്ദേഹത്തെയും മരണത്തിലേക്ക് വഴി നടത്തിയത്. 

നമ്മിൽ നിന്നും വിട പറഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ….