കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ഊർജിതം; ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ കപ്പിനുള്ളിൽ കടന്നു

0
666

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ഊർജിതം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ കപ്പിനുള്ളിൽ കടന്നു.

ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തുന്നത്. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 15 ജീവനക്കാരെയും സുരക്ഷിതരാക്കിയ കമാൻഡോകൾ, ഓപ്പറേഷൻ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

കപ്പലിന്റെ മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ മറീൻ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിലേക്ക് പ്രവേശിച്ചതായാണ് വിവരം. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയിൽ ആണ് കമാൻഡോകൾ തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. വൈകിട്ട് 3.30ഓടെ കപ്പൽ തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഹെലികോപ്റ്ററില്‍ കപ്പലിന്റെ മുകളിലെ ഡെക്കിലിറങ്ങി.

യുദ്ധക്കപ്പലിൽനിന്നും പറന്നുയർന്ന ഹെലികോപ്റ്ററിലൂടെ, തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യൻ നാവികസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.