വികസിപ്പിച്ച പുതിയ കൊവിഡ് വാക്സിൻ റെഡി; 6 വിഭാഗക്കാർ സ്വീകരിക്കണമെന്ന് സഊദി ആരോഗ്യമന്ത്രാലയം

0
4987

റിയാദ്: പുതുതായി വികസിപ്പിച്ച കൊവിഡ് വാക്സിൻ തയ്യാറാണെന്നും ആറു വിഭാഗക്കാർ വാക്സിൻ കുത്തിവെപ്പ് എടുക്കണമെന്ന് ആഹ്വാനം ചെയ്ത് സഊദി അറേബ്യ. സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലുള്ള എല്ലാ കൊവിഡ് വകഭേദങ്ങളെയും കൊവിഡ് 19 ന്റെ സങ്കീർണതകളെയും പ്രതിരോധിക്കുന്ന ഈ വാക്സിൻ ഇപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്ക് ലഭ്യമാണ്.

വികസിപ്പിച്ച കൊറോണ വൈറസ് വാക്സിൻ എടുക്കാൻ ശുപാർശ ചെയ്യുന്ന ഏറ്റവും ദുർബലരായ ആറ് ഗ്രൂപ്പുകളെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ സ്വിഹതി ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

രോഗബാധക്ക് ഏറ്റവുമധികം സാധ്യതയുള്ള വിഭാഗങ്ങൾ അഥവാ 50 വയസ്സിന് മുകളിലുള്ളവർ ഈ വാക്‌സിൻ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്യുന്നതായും അതോറിറ്റി പറഞ്ഞു. കൂടാതെ, ഗർഭിണികൾ, രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രാക്ടീഷണർമാർ, അർബുദം പോലെയുള്ള പ്രതിരോധശേഷിയില്ലാത്തവർ, അമിതവണ്ണം കാരണം അപകടസാധ്യത ഘടകങ്ങൾ ഉള്ളവർ വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മൊബൈൽ ഇൻഫക്ഷ്യസ് ഡിസീസസ് യൂണിറ്റ് നേരത്തെ ആരോഗ്യമന്ത്രി ഫഹദ് അൽജലാജിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിനും രോഗനിർണ്ണയത്തിനുമുള്ള ദേശീയ സാധ്യതകൾ ഉയർത്തുന്നതിനാണ് ഈ യൂണിറ്റ് ഉപയോഗപ്പെടുത്തുന്നതെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

ഇതിനാവശ്യമായ എല്ലാ ഉപകരണങ്ങളും സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഇവിടെയുണ്ട്. ലോകത്തെ മികച്ച ലബോറട്ടറികളിൽ നിന്ന് പരിശീലനം നേടിയ യോഗ്യരായ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പകർച്ച വ്യാധികളെ നിരീക്ഷിച്ച് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള ശേഷി സൗദി അറേബ്യ കൈവരിച്ചുകഴിഞ്ഞു. അതോറിറ്റി വ്യക്തമാക്കി.