11-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

0
2360

മൂന്നാര്‍: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇയാള്‍ക്കൊപ്പം ഭാര്യ സുമരി ബുര്‍ജോയെയും കഴിഞ്ഞദിവസം മുതല്‍ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ അതിഥിത്തൊഴിലാളികളുടെ മകളായ പതിനൊന്നുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഝാര്‍ഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു.

തുടര്‍ന്നാണ്, മാതാപിതാക്കള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെപേരില്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തതായി മൂന്നാര്‍ എസ്.എച്ച്.ഒ. രാജന്‍ കെ. അരമന പറഞ്ഞു. പ്രതിക്കായി കഴിഞ്ഞദിവസം മേഖലയിലാകെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയ്‌ക്കൊപ്പം പ്രതി കടന്നുകളഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.”