തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അടുത്ത തവണത്തേത് ലോക്സഭയിലേക്കുള്ള തന്റെ അവസാന അങ്കമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു. സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിച്ചാലും വിജയം തനിക്കായിരിക്കുമെന്നും ഒരു ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ തരൂര്‍ പറഞ്ഞു.
‘തിരുവനന്തപുരത്തുനിന്ന് വീണ്ടും മത്സരിക്കാന്‍ തയ്യാറാണ്. പക്ഷേ ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. എന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടാവ്ഡ ഞാന്‍ മത്സരിക്കും. അങ്ങനെയെങ്കില്‍ ലോക്സഭയിലേക്കുള്ള എന്റെ അവസാനത്തെ മത്സരമായിരിക്കുമത്’, ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തുനിന്നും മത്സരിച്ചാലോ എന്ന ചോദ്യത്തിന് മോദി തനിക്കെതിരെ മത്സരിച്ചാലും താന്‍ തന്നെ ജയിക്കുമെന്നായിരുന്നു തരൂരിന്റെ മറുപടി.
”എന്നെ മാറ്റണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. അല്ലാതെ ഞാന്‍ ആര്‍ക്കെതിരെയാണ് മത്സരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാകരുത് അത്’, തരൂര്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ ആദ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് ഇതുവരെ നടന്നിട്ടില്ല. ഇനിയത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്’, അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലേക്ക് മത്സരിക്കുമോ എന്നു ചോദിച്ചപ്പോള്‍ നിലവില്‍ തന്റെ ശ്രദ്ധ ലോക്സഭാ തിരഞ്ഞെടുപ്പിലാണെന്നും ആ സമയത്തെ സാഹചര്യമനുസരിച്ച് നോക്കാമെന്നുമായിരുന്നു തരൂരിന്റെ മറുപടി.
യുഎന്‍ മുന്‍ അണ്ടര്‍സെക്രട്ടറി ജനറലായ ശശി തരൂര്‍ അപ്രതീക്ഷിതമായാണ് 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായതും ജയിക്കുന്നതും. പീന്നീട് തുടര്‍ച്ചയായ മൂന്നുതവണയും അദ്ദേഹം തന്നെയാണ് അവിടെ നിന്ന് വിജയിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച തരൂരിന് 2014 തിരഞ്ഞെടുപ്പില്‍ 15,470 വോട്ടുകളുടെ ഭൂരിപക്ഷവും 2009 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 99998 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു ലോക്‌സഭയിലെത്തിയത്.




