219 പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് എൻ.ഒ.സി നൽകി, ഇന്ത്യയിൽനിന്ന് 1,75,025 പേർക്ക് ഹജ്ജിന് അവസരം; കോൺസൽ മുഹമ്മദ് ഹാഷിം

0
1413

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി കോൺസുലേറ്റ് മികച്ച സേവനമാണ് തുടരുന്നതെന്നും ഇന്ത്യക്കാരുടെ മുന്നൂറോളം തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ ഈ വർഷം ഇതേവരെ പരിഹരിച്ചതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസൽ മുഹമ്മദ് ഹാഷിം.

ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു. അടുത്ത വർഷത്തെ ഹജിനും ഇന്ത്യയിൽനിന്ന് 1,75,025 പേർക്ക് അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് ചെയ്യപ്പെട്ട 1200 മരണ കേസുകളിൽ, 981 മൃതദേഹങ്ങളും ഇവിടെ തന്നെ മറവു ചെയ്യുന്നതിനുള്ള എൻ.ഒ.സി നൽകി. 219 പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് എൻ.ഒ.സി നൽകി. അഞ്ച് കോടിയിലധികം വരുന്ന തുക മരണ നഷ്ടപരിഹാരത്തിനും നിയമപരമായ സേവനാനന്തര ആനുകൂല്യങ്ങളും തീർപ്പാക്കാത്ത ശമ്പളവും നൽകാനും സഹായിച്ചു.

സ്‌പോൺസർമാർ ഒളിച്ചോടിയവരായി (ഹുറൂബ്) പ്രഖ്യാപിച്ച 3092 ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനും ഇഖാമ കാലഹരണപ്പെട്ട ഏകദേശം 2900 ഇന്ത്യക്കാരെ സഹായിക്കുന്നതിനും സാധിച്ചു.

2023 ജനുവരി മുതൽ നവംബർ വരെ കോൺസുലേറ്റ് മൊത്തം 51,980 പാസ്‌പോർട്ടുകൾ നൽകി. കോൺസുലാർ സേവനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പ്രധാന നഗരങ്ങളിൽ പതിവായി കോൺസുലർ ടൂറുകൾ നടത്തി. നിരവധി ഓപ്പൺ ഹൗസ് സെഷനുകൾ സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പരാതികൾ ബോധിപ്പിച്ചു.
സാംസ്‌കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യൻ സമൂഹവുമായി സഹകരിച്ച്, കോൺസുലേറ്റ് ദീപാവലി ആഘോഷം, യൂണിറ്റി ഡേ ആഘോഷം, കളേഴ്‌സ് ഓഫ് ഇന്ത്യ, അനന്തോൽസവം 2023, ദേശീയ വിദ്യാഭ്യാസ ദിനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവെന്നും
മുഹമ്മദ് ഹാഷിം പറഞ്ഞു.