ദുബൈ: ഇസ്റാഈലിന്റെ ഗാസ ആക്രമണത്തിനെതിരായ പ്രതിഷേധം ലോകമെങ്ങും നടക്കവെ, യമനിലെ ഹൂതികള്‍ സ്വീകരിക്കുന്ന പുതിയ നീക്കം ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നു. ഇസ്റാഈല്‍ ഗാസയിലെ സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തണമെന്നാണ് ലോക രാജ്യങ്ങളുടെ ആവശ്യം. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. യുഎന്‍ പൊതുസഭയില്‍ വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വേളയിലാണ് ഇസ്റാഈലിന് മുന്നറിയിപ്പുമായി യമനിലെ ഹൂതികള്‍ രംഗത്തുവന്നിരിക്കുന്നത്. സഊദി അറേബ്യയെ ഏറെ കാലം വട്ടംകറക്കിയ യമനിലെ ഗോത്ര വിഭാഗമാണിത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയാ വിഭാഗക്കാരായ ഹൂതികളെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ അറബ് സഖ്യേസനക്ക് സാധിച്ചിരുന്നില്ല. സൗദിയുമായി സമാധാനത്തിന്റെ പാതയിലെത്തിയ ശേഷമാണ് ഹൂതികള്‍ ഇസ്റാഈലിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ചെങ്കടലിലൂടെ പോകുന്ന ഇസ്റാഈല്‍ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ ആക്രമിക്കുമെന്നായിരുന്നു ഹൂതികളുടെ ആദ്യ മുന്നറിയിപ്പ്. ഇസ്റാഈലിലേക്കോ തിരിച്ചോ വരുന്ന ഏത് രാജ്യത്തിന്റെ ചരക്കു കപ്പലും ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി. ആദ്യം ഇസ്റാഈലിലേക്ക് വാഹനങ്ങളുമായി പോയ കപ്പല്‍ പിടികൂടിയ ഹൂതികള്‍ കഴിഞ്ഞ ദിവസം നോര്‍വീജിയന്‍ കപ്പലില്‍ മിസൈല്‍ ആക്രമണം നടത്തി.
ഹൂതികളില്‍പ്പെട്ട അന്‍സാറുല്ല എന്ന വിഭാഗമാണ് സൈനിക നീക്കം നടത്തുന്നത്. 2011ല്‍ മുല്ലപ്പൂ വിപ്ലവകാലത്ത് ജനകീയ സമരം തുടങ്ങിയ രാജ്യമാണ് യമന്‍. അലി അബ്ദുല്ല സ്വാലിഹും അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമെല്ലാം ഭരണം ഒഴിഞ്ഞ് സഊദിയിലേക്ക് പലായനം ചെയ്തതോടെ 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം പിടിച്ചു. ഔദ്യോഗിക ഭരണകൂടം ഏദനിലേക്ക് കേന്ദ്രം മാറ്റുകയും ചെയ്തു.
യമനിലെ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണച്ചായിരുന്നു സൗദി സഖ്യസേനയുടെ വരവ്. ഹൂതികളെ കീഴടക്കാന്‍ സാധിക്കാതെ സഖ്യസേന മടങ്ങി. ഇസ്റാഈല്‍ പലസ്തീന്‍ യുദ്ധമുണ്ടായതോടെ ഹൂതികള്‍ ഇസ്റാഈലിനെതിരെ തിരിയുകയായിരുന്നു. യമനില്‍ നിന്ന് ഇസ്റാഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്നത് അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് ചെങ്കടലിലൂടെ പോകുന്ന കപ്പല്‍ പിടിക്കാന്‍ ഹൂതികള്‍ തീരുമാനിച്ചത്.
രണ്ടാഴ്ച മുമ്പ് ഇസ്റാഈലിലേക്ക് കാറുകളുമായി പോയ കപ്പല്‍ പിടികൂടിയ ഹൂതികള്‍ കപ്പലില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം അവര്‍ നോര്‍വീജിയന്‍ കപ്പല്‍ ആക്രമിച്ചു. ഇസ്റാഈലിലേക്ക് എണ്ണയുമായി പോയ കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ ഇറ്റലിയിലേക്കാണ് തങ്ങള്‍ പോകുന്നതെന്ന് സ്ട്രിന്‍ഡ കപ്പല്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
ഏഷ്യയില്‍ നിന്ന് ചെങ്കടലിലൂടെ സൂയസ് കനാല്‍വഴി മെഡിറ്ററേനിയന്‍ കടലിലും ശേഷം യൂറോപ്പിലേക്കും ചരക്കുകടത്താന്‍ സാധിക്കും. ഈ വഴിയിലാണ് ഹൂതികള്‍ തടസമിട്ടിരിക്കുന്നത്. ബ്രിട്ടീഷ്, ഫ്രഞ്ച്, യുഎസ് യുദ്ധ കപ്പലുകള്‍ ഇവിടെയുണ്ടെങ്കിലും ഹൂതികള്‍ ആക്രമിച്ചിട്ടില്ല. ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.
ഇതോടെ വിദേശ കപ്പലുകള്‍ ഇസ്രായേലിലേക്ക് ചരക്കുമായി പോകാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക വിദേശ കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഹൂതികളെ നേരിടാന്‍ യുദ്ധക്കപ്പല്‍ അയച്ചിരിക്കുകയാണ് ഇസ്രായേല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രതിനിധി അടുത്താഴ്ച ഖത്തറിലെത്തും. ഹൂതികള്‍ക്കെതിരെ നടപടി എടുക്കുന്നത് വളരെ ആലോചിച്ച ശേഷം മതിയെന്ന് സഊദി അറേബ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക