ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന് ജിദ്ദയിൽ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇത്തിഹാദിന് വൻ വിജയം. ഓഷ്യാന ജേതാക്കളായ ഓക്‌ലന്റ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇത്തിഹാദ് തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇത്തിഹാദ് മൂന്നു ഗോളിന് മുന്നിലെത്തി.

സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകർ ആർപ്പുവിളികളാൽ ഗോളുകളെ വലയിലാക്കി. ഏറെ കാത്തിരിപ്പിന് ശേഷമാണ് സൗദി അറേബ്യക്ക് ക്ലബ് ലോകകപ്പിന്റെ ഇരുപതാമത് എഡിഷന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരടക്കം പതിനായിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ മത്സരം. കാണികൾക്കും താരങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് അതിവേഗ സേവനം നൽകാൻ ജിദ്ദ വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെയും ക്ലബ്ബുകളിലെ പ്രധാന വ്യക്തികളുടെയും മാധ്യമപ്രവർത്തകരുടെയും മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയ ഫുട്‌ബോൾ ആരാധകരുടെയും നടപടിക്രമങ്ങൾ ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കും.




