ന്യൂഡൽഹി: കശ്മീരിന് പരമാധികാരമില്ല. പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനം ശരിവച്ച് സുപ്രീം കോടതി. അടുത്ത വർഷം സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച സുപ്രീം കോടതി, 370 (3) പ്രകാരം 370–ാം അനുച്ഛേദം റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഇതിനെതിരെ തീരുമാനമെടുക്കാൻ സുപ്രീം കോടതിക്കാവില്ല. 370 (3) കൊണ്ടുവന്നത് ഏകീകരണത്തിനാണ്, ശിഥിലീകരണത്തിനല്ലെന്നും കോടതി വ്യക്തമാക്കി.
ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഹർജികളിൽ പ്രത്യേകം ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ അക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 താൽകാലിക സംവിധാനം മാത്രമാണെന്നാണ് സുപ്രീം കോടതി നിർണായക വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേക പദവി റദ്ദാക്കിയതിന് നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു വച്ച വാദങ്ങളെ സാധൂകരിക്കുന്ന വിധത്തിലാണ് ഇപ്പോൾ ഈ വിഷയത്തിൽ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.
മൂന്നൂ വിധിന്യായങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടായതെങ്കിലും പ്രത്യേക പദവി റദ്ദാക്കിയതിൽ അപാകതയില്ലെന്ന് സുപ്രീം കോടതി ഏകകണ്േഠേനയാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഭാഗമായതോടെ ജമ്മു കശ്മീരിനു പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. കശ്മീർ ഇന്ത്യയുടെ ഭാഗമായതോടെ പരമാധികാരം നിലനിർത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഉത്തരമെന്ന് കോടതി വ്യക്തമാക്കി.




