Saturday, 27 July - 2024

സകല അടവുകളും പിഴച്ച് സഊദി അറേബ്യ; എല്ലാം ഇന്ത്യയുടെ ആഗ്രഹം പോലെ, റഷ്യന്‍ തന്ത്രവും പാളി

എണ്ണ വിപണി നിയന്ത്രിക്കുന്ന രണ്ട് രാജ്യങ്ങളാണ് സഊദി അറേബ്യയും റഷ്യയും. എണ്ണവില കൂട്ടാനുള്ള ഇവരുടെ തന്ത്രങ്ങളെല്ലാം പാളുന്നതാണ് വിപണിയിലെ കാഴ്ച. നാള്‍ക്കുനാള്‍ എണ്ണവില കുറഞ്ഞു വരുന്നതില്‍ ഇരുരാജ്യങ്ങളും ആശങ്കയിലാണ്. മറ്റു എണ്ണ രാജ്യങ്ങളോട് ചില ആവശ്യങ്ങള്‍ ഇരുവരും ഉന്നയിച്ചിട്ടുണ്ടെങ്കിലും പക്ഷേ, ഫലം കാണാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75.84 എന്ന നിരക്കിലാണ് വ്യാപാരം. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 71.23 ഡോളറിലും. നേരിയ വര്‍ധനവ് വന്നാണ് ഈ വിലയിലേക്ക് എത്തിയത്. രണ്ട് ദിവസം മുമ്പ് ഇതിനേക്കാള്‍ വിലക്കുറവിലായിരുന്നു എണ്ണ. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് എണ്ണവിലയിലെ ഇടിവിന് ചൂണ്ടിക്കാട്ടുന്ന ഒരു കാരണം.

റഷ്യയേക്കാള്‍ വലിയ പ്രതിസന്ധി ഇക്കാര്യത്തില്‍ സൗദി അറേബ്യയാണ് നേരിടുക. കാരണം സൗദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. റഷ്യയ്ക്ക് എണ്ണയെ കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങളുമുണ്ട്. അതേസമയം, റഷ്യയ്ക്കുള്ള പ്രധാന വെല്ലുവിളി അമേരിക്കയുടെ ഉപരോധമാണ്. ഇത് മറികടക്കാനാണ് റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുന്നത്.

എണ്ണവില കൂട്ടരുത് എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും ആവശ്യം. വില കുറച്ച് കിട്ടുന്ന സ്ഥലത്ത് നിന്ന് കൂടുതല്‍ എണ്ണ വാങ്ങുക എന്ന നിലപാടാണ് ഇന്ത്യയ്ക്ക്. അതുകൊണ്ടാണ് നേരത്തെ സൗദിയില്‍ നിന്ന് കൂടുതല്‍ വാങ്ങിയിരുന്ന ഇന്ത്യ പിന്നീട് ഇറാഖിനെയും ഇപ്പോള്‍ റഷ്യയെയും ആശ്രയിക്കുന്നത്. ഈ മാസവും റഷ്യയില്‍ നിന്ന് തന്നെ കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം വാരാന്ത്യത്തില്‍ ഒപെക് രാജ്യങ്ങളുടെ യോഗം നടന്നിരുന്നു. അടുത്ത മാര്‍ച്ച് 31 വരെ 22 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് സൗദിയും റഷ്യയും യോഗത്തില്‍ തീരുമാനിച്ചത്. വീണ്ടും വില കുറഞ്ഞുവരുന്നതിനാല്‍ ഉല്‍പ്പാദനം കൂടുതല്‍ വെട്ടിക്കുറയ്ക്കണം എന്നാണ് സൗദിയുടെ പുതിയ നിലപാട്. മറ്റു രാജ്യങ്ങളോട് വ്യാഴാഴ്ച സൗദി ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ തൊഴില്‍ ഡാറ്റ പുറത്തുവന്നത് എണ്ണ വില കൂടാനുള്ള സാധ്യത ഒരുക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കരുത്ത് കാട്ടിയാണ് തൊഴില്‍ ഡാറ്റ പുറത്തുവന്നിരിക്കുന്നത്. ഇതോടെ എണ്ണ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ആവശ്യം കൂടുമെന്ന് വിലയിരുത്തുന്നു. ഇതാണ് നേരിയ വര്‍ധനവിന് ഇടയാക്കിയ ഘടകം. ഒരു മാസം മുമ്പ് 93 ഡോളര്‍ വരെ ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് 74 ഡോളര്‍ വരെ താഴ്ന്നിരുന്നു. വെള്ളിയാഴ്ച അല്‍പ്പം ഉയര്‍ന്നു. എങ്കിലും വലിയ വിലക്കുറവിലാണ് എണ്ണ.

2018ന് ശേഷം എണ്ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് വരുന്നത് വ്യവസായികളെ ആശങ്കപ്പെടുത്തുന്നു. കൊവിഡ് കാലത്ത് ഗതാഗതം നിലച്ച വേളയില്‍ വന്‍തോതില്‍ വില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്നെങ്കിലും ബാരലിന് 100 ഡോളര്‍ എന്ന സഊദി അറേബ്യയുടെ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല. ഉല്‍പ്പാദനം കുറച്ച് സഊദി തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും പക്ഷേ, ഇതുവരെ ഫലം കണ്ടിട്ടില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: