വ്യാജ ശമ്പള സർട്ടിഫിക്കറ്റ്; മലയാളി ഡോക്ടർക്ക് തടവും നാടുകടത്തലും

0
1748

ഗൾഫിൽ കുടുങ്ങിയത് കേരള ഹൈക്കോടതി നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലിനെത്തുടർന്ന്

ആലപ്പുഴ: ഗാർഹിക പീഡനക്കേസിൽ നൽകേണ്ട ജീവനാംശം കുറച്ചു കിട്ടുന്നതിനായി ഖത്തർ ആശുപത്രിയുടെ പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഡോക്ടർക്ക് അവിടെ തടവുശിക്ഷയും നാടുകടത്തലും. ഖത്തറിൽ ജോലി ചെയ്യുന്ന ഡോക്ടർ സമർപ്പിച്ച ശമ്പള സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പരിശോധിക്കാൻ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ അങ്ങോട്ടേക്ക് അയച്ച അസാധാരണ നടപടിയുണ്ടായ കേസാണിത്.

ഈ കമ്മിഷന്റെ അന്വേഷണത്തിലാണു ഡോക്ടർ ഹാജരാക്കിയതു വ്യാജ സർട്ടിഫിക്കറ്റ് ആണെന്നു കണ്ടെത്തിയത്. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (പിഎച്ച്സിസി) പ്രവർത്തിക്കുന്ന തൃശൂർ സ്വദേശിയായ ഡോക്ടർക്കാണ് ഒരു വർഷം തടവും നാടുകടത്തലും ഖത്തറിലെ കോടതി വിധിച്ചത്. കായംകുളം സ്വദേശിനിയായ ഭാര്യ ഡോക്ടർക്കെതിരെ ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി ഹർജി നൽകിയിരുന്നു.

മൂന്നു മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ഇതിൽ ആവശ്യപ്പെട്ടു. എന്നാൽ തനിക്കു 11,549 ഖത്തർ റിയാൽ (ഏതാണ്ട് 2.6 ലക്ഷം രൂപ) മാത്രമേ ശമ്പളമുള്ളൂ എന്നു കാണിച്ചു ഡോക്ടർ കോടതിയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. തുടർന്നു ഹർജി കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയിൽ അഡ്വ. സജീബ് തവക്കൽ വഴി നൽകിയ അപ്പീലിലാണ് ഖത്തറിൽ അഭിഭാഷക കമ്മിഷൻ നേരിട്ടു പോയി പരിശോധിക്കട്ടെയെന്നു കോടതി ഉത്തരവിട്ടത്. എംഡി ബിരുദമുള്ള ഡോക്ടർ 15 വർഷത്തിലേറെയായി ഖത്തറിൽ ജോലി ചെയ്യുകയാണെന്നും ഏകദേശം 7 ലക്ഷം രൂപ ശമ്പളമുണ്ടെന്നും ഹർജിക്കാരി വാദിച്ചു.

അഭിഭാഷക കമ്മിഷനെ ഖത്തറിലേക്ക് അയയ്ക്കുന്നതിന്റെ ചെലവു വഹിക്കാമെന്ന അവരുടെ അഭ്യർഥന കോടതി അംഗീകരിച്ചു. അഭിഭാഷക കമ്മിഷനായി അഡ്വ. ജയൻ കെ. വാഴൂരേത്തിനെ ഖത്തറിലേക്ക് അയച്ചു. ഡോക്ടർ ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റ് പിഎച്ച്സിസി നൽകിയതല്ലെന്നു ഖത്തറിലെ ആശുപത്രി അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചു. രേഖയിലെ ശമ്പള വിവരങ്ങൾ ശരിയല്ലെന്നും അറിയിച്ചു. അതോടെയാണു ഡോക്ടർക്കെതിരെ ശിക്ഷാനടപടി ഉണ്ടായത്. ഹൈക്കോടതിയിലെ കേസിൽ നടപടികൾ തുടരുകയാണ്.