തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പലായ ‘ജലാലത്ത് അൽമലിക് ജാസാൻ’ സഊദി നീറ്റിലിറക്കി

0
754

റിയാദ്: തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പലായ ‘ജലാലത്ത് അൽമലിക് ജാസാൻ’ സഊദി നീറ്റിലിറക്കി. ജിദ്ദ ഗവർണറേറ്റിലെ വെസ്റ്റേൺ ഫ്ലീറ്റിലെ കിങ് ഫൈസൽ നേവൽ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു.

തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ വികസിപ്പിക്കുന്നതിനുള്ള ‘സറാവത്’ പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന നാലാമത്തെ കപ്പലാണ് ഇത്. പ്രതിരോധ സാമഗ്രഹി നിർമാണ വ്യവസായം സ്വദേശിവത്ക്കരിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ കാഴ്ചപ്പാടിന് അനുസൃതമായാണ് കപ്പൽ പുറത്തിറക്കിയത്.

ഡോക്ക്യാർഡിലും കടലിലുമായി സമഗ്ര പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് ഔദ്യോഗിക നീറ്റിലിറക്കൽ നിർവഹിച്ചത്. ഈ കപ്പലിെൻറ പ്രതിരോധ ശേഷി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചതാണ്. കപ്പലിെൻറ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത കരയിലും വെള്ളത്തിലും വെച്ച് അതിസൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി. വായു, ഭൗമോപരിതല ലക്ഷ്യങ്ങളിലേക്ക് ലൈവ് ഷൂട്ടിങ് നടത്താനുള്ള സംവിധാനവും പരിശോധിച്ചതിലുൾപ്പെടും.

സറാവത് പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന കപ്പലുകൾ ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക സംവിധാനത്തിൽ വികസിപ്പിക്കുന്നവയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഹസം’ എന്ന ആദ്യത്തെ യുദ്ധ മാനേജ്മെൻറ് സംവിധാനം പുതിയ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും നാവികസേന മേധാവി പറഞ്ഞു. നാവികസേനയിൽ ഔദ്യോഗികമായി ചേർന്നതിെൻറ അടയാളമായി പുതിയ കപ്പലിൽ പ്രതിരോധ മന്ത്രി സൗദി ദേശീയ പതാക ഉയർത്തി. കപ്പലിലെ റഡാറുകളും വിസിലുകളും ഉൾപ്പടെ എല്ലാ സംവിധാനങ്ങളും തുടർന്ന് പ്രവർത്തന ക്ഷമമാക്കി.