ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്.
മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ് ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ക്യാംപെയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും തൊഴിൽ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.
അടുത്തിടെ ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയും വടക്കൻ ബാത്തിനാ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികൾക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.




