റിയാദ്: നിശ്ചിത അളവുകളിലും ഭാരത്തിലുമുള്ള ലോഡ് മാത്രമേ കയറ്റാൻ പാടുള്ളൂവെന്നും
അനുവദിക്കപ്പെട്ടതിൽ കൂടുതൽ ഭാരം കയറ്റിയാൽ ട്രക്കുകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു.
അനുവദനീയമായതിൽ കൂടുതലുള്ള ഭാരവുമായി ട്രക്കുകൾ പോകുന്നത് റോഡുകളുടെ സുരക്ഷയെ അപകടത്തിലാക്കും. റോഡുകൾ സംരക്ഷിക്കപ്പെടേണ്ട നാടിെൻറ ഏറ്റവും പ്രധാനപ്പെട്ട സ്വത്തുകളിലൊന്നാണെന്നും റോഡ് അതോറിറ്റി പറഞ്ഞു.
ട്രക്കുകളിൽ ലോഡ് കയറ്റാൻ നിശ്ചയിച്ചിരിക്കുന്ന അളവുകൾ 23 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.8 മീറ്റർ ഉയരവുമാണ്. ഈ അളവുകൾ കവിഞ്ഞാൽ 1,000 റിയാലാണ് പിഴ. ട്രക്കുകളുടെ പതിവ് ലോഡ് കപ്പാസിറ്റി പാലിക്കേണ്ടതിെൻറ പ്രാധാന്യവും അതോറിറ്റി ചൂണ്ടിക്കാട്ടി. ആക്‌സിലുകളുടെ ശേഷിക്ക് അനുസൃതമായാണ് അത് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് ആക്‌സിലുകളുള്ള ട്രക്കുകൾക്ക് 21 ടൺ അനുവദനീയമാണ്. മൂന്ന് ആക്‌സിലുകൾക്ക് 34 ടൺ, നാല് ആക്‌സിലുകൾക്ക് 42 ടൺ, അഞ്ച് ആക്‌സിലുകൾക്ക് 45 ടൺ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന അളവ്.
അനുവദനീയമായ ഭാരം കവിയുന്നവർക്ക് ഒരോ 100 കിലോഗ്രാമിന് 200 റിയാൽ പിഴ ചുമത്തും. ഇത് ഒരു ലക്ഷം റിയാൽ വരെയാകും. റോഡുകൾ നിലനിർത്തുന്നതിന് ട്രക്കുകളുടെ അളവുകളും ഭാരവും പാലിക്കേണ്ടതിെൻറ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. സുരക്ഷയിലും ഗുണനിലവാരത്തിലും അധിഷ്ഠിതമായ റോഡുകളുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുന്നേറാനും റോഡ് ഗുണനിലവാരത്തിൽ ലോകത്തിലെ ആറാമത്തെ സൂചികയിലെത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.




