റിയാദ്: 1967 അതിർത്തികളോടെ രണ്ടു രാജ്യങ്ങൾ പിറക്കാതെ ഫലസ്തീൻ പ്രശ്‌നത്തിൽ പരിഹാരമുണ്ടാകില്ലെന്നും,
ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ബ്രിക്‌സ് രാജ്യങ്ങൾ വിളിച്ചു ചേർത്ത അസാധാരണ യോഗത്തിലാണ് സൗദിയുടെ ആവശ്യം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ള ബ്രിക്‌സ് ഗസ്സ വിഷയത്തിൽ ഇന്ന് അസാധാരണ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവെക്കാൻ സൗദി ആവശ്യപ്പെട്ടത്. എല്ലാ രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തണം. പടക്കോപ്പുകളയക്കുന്നതും നിർത്തലാക്കണം. ദ്വിരാഷ്ട്ര ഫോർമുല കൂടാതെ പ്രശ്‌നനപരിഹാരം ഫലസ്തീനിൽ അസാധ്യമാണെന്നും സൗദി കിരീടാവകാശി പറഞ്ഞു.
1967-ലെ അതിർത്തിയിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഗൗരവമേറിയതും സമഗ്രവുമായ സമാധാന പ്രക്രിയ ആരംഭിക്കണം. അത് നടപ്പിലാക്കുകയല്ലാതെ ഫലസ്തീനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ഒരു മാർഗവുമില്ല. ബ്രിക്‌സിൽ ചേരാൻ സൗദിക്ക് ക്ഷണം ലഭിച്ച ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്. 500 ദശലക്ഷം റിയാൽ ഇതിനകം സൗദി ഗസ്സക്കായി സമാഹരിച്ച് എത്തിക്കുന്നതായും കിരീടാവകാശി പറഞ്ഞു.