കോഴിക്കോട്: സർക്കാരിന്റെ നവകേരള സദസിനെതിരെ സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വിമർശനം. ഈ സദസ് ആരെ കബളിപ്പിക്കാൻ എന്ന തലകെട്ടിലാണ് രൂക്ഷവിമർശനങ്ങളുമായി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നവകേരള സദസ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കൺകെട്ട് വിദ്യയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചുള്ളതാണ് ലേഖനം. അതേസമയം, പിണറായിയുടെ, ജന്മനസ്സറിയാൻ നവകേരള സദസ്സ് എന്ന ലേഖനവും സുപ്രഭാതം നൽകിയിട്ടുണ്ട്.
എംഎൽഎമാർ പങ്കെടുക്കാത്ത സദസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മാമാങ്കമെന്നും വിമർശനമുണ്ട്. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും ലേഖനം പറയുന്നു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ ലേഖനത്തിൽ പ്രശംസിച്ചിട്ടുമുണ്ട്.
അതേസമയം, നവകേരളത്തിനായി ഒന്നിക്കാമെന്നാണ് ‘ചന്ദ്രിക’യിൽ എഡിറ്റോറിയൽ പേജിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നവകേരളത്തിനായി ഒന്നിക്കാമെന്ന’ തലക്കെട്ടോടെയാണ് ചന്ദ്രികയിലെ ലേഖനം. ലേഖനം തുടങ്ങുന്നത് ഇങ്ങനെ: നവകേരള സദസ്സുകൾക്ക് ഇന്ന് തുടക്കമാവുകയാണ്. വളരെ സവിശേഷമായ രാഷ്ട്രീ യ-സാമൂഹ്യ പശ്ചാത്തലത്തിലാണ് ഇതു സംഘടിപ്പിക്കപ്പെടുന്നത്. വിപരീത ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദൽ ഉയർത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുകയാണ്. അതുകൊണ്ടു തന്നെ കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും വികസനത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ, ഇതിലൊന്നും തളരാതെ വൈഷമ്യങ്ങളെ മൗലികമായ വഴികൾ കണ്ടെത്തി മറികടന്നു കേരളം മു ന്നോട്ടുപോവുകയാണ്, നവകേരള സൃഷ്ടി യാഥാർത്ഥ്യമാക്കുകയാണ്. വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാർ ത്തെടുത്തുകൊണ്ടു പുതിയ കേരളമാതൃക സൃഷ്ടിക്കുകയാണ്.
കേരളത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ എന്തൊക്കെയാണ് എന്നതും കേരളം എങ്ങനെയൊക്കെയാണ് അതിജീവിക്കുന്നത് എന്നതും കേരള ജനതയെ അറിയിക്കാ നുള്ളതാണ് നവകേരള സദസ്സുകൾ. അതേ സമയംതന്നെ നവകേരള സൃഷ്ടിയിൽ ജന ങ്ങളുടെയാകെ അഭിപ്രായങ്ങൾ ആരായാനും അതുൾക്കൊണ്ട് ആസൂത്രണം നടത്താനും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. ചെയ്തത് എന്തൊക്കെ എന്നും ചെയ്യാൻ പോകു ന്നത് എന്തൊക്കെ എന്നും ജനങ്ങളെ അറി യിക്കാനുള്ള അവസരമായിക്കൂടിയാണ് ന വകേരള സദസ്സുകളെ കാണുന്നത്. ആ നിലക്ക് ജനങ്ങളും സർക്കാരും തമ്മിൽ വലിയ പാരസ്പര്യം രൂപപ്പെടുത്തിയെടുക്കാനുള്ള വേദികളാണ് നവകേരള സദസ്സുകൾ എന്നും ചന്ദ്രികയിലെ ലേഖനത്തിൽ പറയുന്നു. അതേസമയം, തൊട്ടു താഴെ ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാൻ നവകേരള സദസ്സ് എന്ന മറ്റൊരു ലേഖനവുമുണ്ട്.
നവ കേരള സദസ്സിന് ഇന്നാണ് തുടക്കം. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
നവകേരളസദസിനെതിരെ പ്രതിപക്ഷവും ബിജെപിയുമെല്ലാം രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ സർക്കാർ നടത്തുന്ന ഈ പരിപാടി ധൂർത്തും അനാവശ്യവുമാണെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. മുഖ്യമന്ത്രിയും കൂട്ടരും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്നും വിമർശനമുണ്ട്.
നവകേരള സദസ്സ് സർക്കാരിന്റെ അന്ത്യ യാത്ര; അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്ര: സുരേന്ദ്രൻ
കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകം പോലീസ് സേനയെയും വിന്യസിച്ചു.
കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും.




