റിയാദ്: ഗാസയിൽ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രയിൽ മന്ത്രിയുടെ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ സർക്കാറിൽനിന്ന് ഉടനടി പുറത്താക്കുന്നതിന് പകരം അംഗത്വം മരവിപ്പിക്കുക മാത്രം ചെയ്തത് മാനുഷികവും സാംസ്‌കാരികവും മതപരവുമായ രാജ്യാന്തര നിയമങ്ങളെ ഇസ്രായിൽ ലംഘിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇസ്രയിൽ സർക്കാരിൽ ആഴത്തിൽ വേരൂന്നിയ ഭീകരവാദവും കാടത്തവും വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.
രാജ്യാന്തര നിയമങ്ങളെ കാറ്റിൽ പറത്തുകയാണ് ഇസ്രയിൽ ചെയ്യുന്നതെന്നും സൗദി അറേബ്യ അഭിപ്രായപ്പെട്ടു. മന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസ മുനമ്പിൽ ആണവായുധം വർഷിക്കുന്നത് ഇസ്രയിലിന് മുന്നിലുള്ള ഒരു മാർഗമാണെന്ന് ഇസ്രയിൽ മന്ത്രി ഇന്ന്(ഞായർ) ഒരു റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.