അബഹ: വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം അതിർത്തി സുരക്ഷാ സേന തകർത്തു. അസീർ പ്രവിശ്യയിലെ അൽറബൂഅ സെക്ടർ വഴി 1,24,050 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമമാണ് സൈന്യം വിഫലമാക്കിയത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
സൈനികരെ കണ്ട് മയക്കുമരുന്ന് ശേഖരം ഉപേക്ഷിച്ച് സംഘം യെമനിലേക്ക് രക്ഷപ്പെട്ടു. മയക്കുമരുന്ന് ശേഖരം പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മറ്റൊരു സംഭവത്തിൽ, റിയാദിൽ മയക്കുമരുന്ന് വിതരണം നടത്തിവന്ന രണ്ടു ഈജിപ്തുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാർമസിയിൽ ഫാർമസിസ്റ്റ് ആയും സെയിൽസ്മാൻ ആയും ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. തുടർ നടപടികൾക്ക് ഇരുവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് സ്വദേശികളും വിദേശികളും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തുകളെയും വിതരണത്തെയും കുറിച്ച് 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളിൽ ബന്ധപ്പെട്ടും അറിയിക്കാവുന്നതാണ്.