തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് ‘കത്തോലിക്കാ സഭ’ അതിരൂപതാ മുഖപത്രം

0
1592

തൃശൂർ: തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം ‘കത്തോലിക്കാ സഭ’.
ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും ‘കത്തോലിക്കാ സഭ’ ലേഖനത്തിൽ വ്യക്തമാക്കി.

‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും കടന്നാക്രമിച്ചുകൊണ്ടുള്ള ലേഖനം. മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന എടുത്തുപറഞ്ഞായിരുന്നു അതിരൂപത മുഖപത്രത്തിലെ വിമർശനം.

‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിട ആണുങ്ങളുണ്ട്’ എന്നായിരുന്നു നടന്റെ വിവാദ പ്രസ്താവന. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിക്കു പരോക്ഷ പരിഹാസമുണ്ട് ഇതിൽ.