Sunday, 10 December - 2023

നാലു മാസം മുമ്പ് വെന്തുമരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടു കിട്ടി

റിയാദ്: നാലു മാസം മുമ്പ് വെന്തുമരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഇന്ത്യൻ എംബസിയും കേളി കലാസാംസ്​കാരിക വേദിയുടെ പ്രവർത്തകരും നടത്തിയ നിയമപോരാട്ടത്തിന്​ വിജയം.

റിയാദ്​ പ്രവിശ്യയിൽ അൽഖർജിന്​ സമീപം ദിലം മേഖലയിലെ ദുബയ്യയിൽ കൃഷിത്തോട്ടങ്ങളിൽ ജോലിചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് താമസസ്ഥലത്തിന്​ തീപിടിച്ച് വെന്ത് മരിച്ചത്.

ഇവരുടെ മൃതദേഹം വിട്ടുകിട്ടാനും അനന്തര നടപടികൾ പൂർത്തിയാക്കാനും കാലതാമസമുണ്ടായി. സ്പോൺസറുടെ നിസ്സഹകരണവും ചില കേസുകളുമാണ്​ ഇതിന്​ കാരണമായത്​. കേസുകൾ രമ്യതയിൽ പരിഹരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇന്ത്യൻ എംബസി സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്​തു. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ്‌ പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. നാലുമസത്തിന്​ ശേഷം കോടതിയിൽനിന്നും അനുകൂല വിധിയുണ്ടാവുകയായിരുന്നു.

ആദ്യം മുതലേ ഈ വിഷയത്തിൽ ഇടപെട്ടത്​ കേളി അൽഖർജ് ജീവകാരുണ്യ വിഭാഗമായിരുന്നു. എംബസിക്കൊപ്പം നിന്ന്​ കേസ്​ മുന്നോട്ട്​ കൊണ്ടുപോയത്​ കേളിയായിരുന്നു. കോടതിയിൽനിന്ന്​ അന്തിമ വിധി വന്നതോടെ രണ്ടുപേരുടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്നും ഒരാളുടേത് റിയാദിൽ അടക്കുന്നതിന്നും തീരുമാനമായി.

ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലിയുടെ മൃതദേഹം കഴിഞ്ഞദിവസം കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ അൽഖർജിൽ ഖബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബിഹാർ സ്വദേശികളായ സണ്ണി കുമാർ, അൻസാരി മുംതാസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.

Most Popular

error: