റിയാദ്: ഇന്ത്യയിലെ തനത് നൃത്ത പരിപാടികളുമായി റിയാദിൽ ഇന്ത്യൻ ഉത്സവത്തിന് തുടക്കമായി.
റിയാദ് സുവൈദി പാർക്കിലാണ് ഇന്ത്യൻ ഉത്സവംനടക്കുന്നത്. മേള അടുത്ത ഞായറാഴ്ച സമാപിക്കും. ശേഷം മറ്റു രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുകയും ചെയ്യും.
റിയാദ് സീസണിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്ന സുവൈദി പാർക്കിൽ ഇത്തവണ മറ്റു രാജ്യങ്ങളെ പിറകിലാക്കി, ഇന്ത്യക്കാണ് ആദ്യ അവസരം ലഭിച്ചത്.
റിയാദിലെ പ്രമുഖ കലാകാരൻമാരുടെ സങ്കടനയായ ടാക്കീസിന്റെ ചെണ്ടമേളം, പോൾസ്റ്റാറിന്റെ ഡാൻസ്, കാവടി, ഗോഡി ഡാൻസ്, കേരളത്തിൽ നിന്നെത്തിയ ചാത്തന്നൂർ കൊച്ചുനാരായണ പിള്ള, ആറ്റിങ്ങൾ സുധി എന്നിവർ വേഷമിടുന്ന കഥകളി, പഞ്ചാബി, രാജസ്ഥാൻ ഡാൻസ്, ആക്രോബാറ്റിക് ഡാൻസ് തുടങ്ങിയവയാണ് ഇന്ത്യൻ ഉത്സവത്തിൽ ഈ വർഷം അരങ്ങേറുന്നത്.
എല്ലാ ദിവസവും വൈകിട്ട് 5.30നാണ് പരിപാടി ആരംഭിക്കുക. റിയാദ് സീസൺ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താണ് പാർക്കിലേക്ക് പ്രവേശനം ലഭിക്കുക. സൗജന്യമാണ് രജിസ്‌ട്രേഷനും പ്രവേശനവും. രാത്രി 11 മണിവരെ ആഘോഷം നീണ്ട് നിൽക്കും.
ഇന്ത്യയുടെ തനത് കലാരൂപങ്ങളും വസ്ത്രവൈവിധ്യങ്ങളും മറ്റും പ്രദർശിപ്പിക്കുന്ന വിധത്തിൽ പാർക്കിനെ വലയം വെച്ച് നടക്കുന്ന ഘോഷയാത്രയോടെയാണ് എല്ലാ ദിവസവും ആഷോത്തിന് തുടക്കമാകുക.