വാഷിങ്ടണ്‍: അമേരിക്ക – ഇറാൻ അടുത്ത ഘട്ട ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ഇസ്ലാമാബാദിൽ ആയിരിക്കും ചർച്ച എന്നാണ് റിപ്പോർട്ട്. അതിനിടെ ഗൾഫ് മേഖലയിൽ നിന്ന് മഞ്ഞുരുക്കത്തിന്റെ സൂചനകൾ വരുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്‍റുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ സംസാരിച്ചു.
ഷെയ്ഖ് മൻസൂർ ബിൻ സായിദ് – എം ബി ഗലിബാഫ് ചർച്ച സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണെന്നാണ് റിപ്പോർട്ട്. യുഎഇ നിരന്തരം നേരിട്ട ആക്രമണങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ആദ്യ ഉന്നതതല ചർച്ചയാണിത്.
നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഔദ്യോഗികമായി ഒരു കരാറിൽ എത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് അവർ അറിയിച്ചു.
അതേസമയം യുദ്ധത്തിൽ അമേരിക്ക ഔദ്യോഗികമായി വെടിനിർത്തൽ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. വെടിനിർത്തൽ നീട്ടാൻ വാഷിംഗ്ടൺ ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ ലീവിറ്റ്, അടുത്ത ഘട്ട ചർച്ചകളും പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.
പാകിസ്ഥാനെ പുകഴ്ത്തി വൈറ്റ്ഹൌസ്
സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെ അമേരിക്ക വാനോളം പുകഴ്ത്തി. ചർച്ചകളിലെ ഏക മധ്യസ്ഥൻ പാകിസ്ഥാനാണെന്നും അവരുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും ലീവിറ്റ് പറഞ്ഞു. അതിനിടെ പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടെഹ്‌റാനിലെത്തി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്ക് ആതിഥ്യമരുളുന്ന പാകിസ്ഥാനോട് അരഗ്ചി നന്ദി അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ – പാക് ബന്ധം ശക്തമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.
….
