ആറാം ക്ലാസ് വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജും. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
സംഭവത്തിൽ ഉന്നതലതല ഉദ്യോഗസ്ഥർ സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മർദിച്ചത്. മർദനത്തെ കുറിച്ച് ആറാം ക്ലാസുകാരൻ അദ്വൈദ് പറഞ്ഞതിങ്ങനെ – ‘ഇംപോസിഷൻ എഴുതാത്തതിന് നിർത്താതെ അടിച്ചു. കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’.
‘ഞങ്ങളും അടികൊണ്ടാണ് വളർന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമർദനമാണ് നടന്നത്. മകൻ തലവേദനയെ തുടർന്ന് എംആർഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മർദിച്ചത്’ -മാതാപിതാക്കൾ പറയുന്നു.
ഇതിന് മുൻപും റിയാസ് എന്ന അധ്യാപകൻ മകനെ ചൂരൽ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാൽ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവിൽ കുഞ്ഞിന് കിട്ടിയ മർദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.