കോഴിക്കോട്: ബസിനു മുന്നിൽ സ്കൂട്ടറിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ നടപടിയുമായി എംവിഡി. സംഭവത്തിൽ കല്ലായി സ്വദേശി ഫർഹാൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് ഫർഹാൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഫർഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ് സാഗ് മാനറിലായിരുന്നു സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയത്. സ്വകാര്യ ബസിന് മുന്നിൽ മീറ്ററുകളോളമാണ് യുവാവ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്.
യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതിനാലാണ് ഇത്തരത്തിൽ ബസിന് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്. മറ്റു പ്രശ്നങ്ങൾ യുവാവും ബസ് ഡ്രൈവറും തമ്മിൽ ഇല്ലയെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.