അസുഖ ബാധിതയായ ഉംറ തീർഥാടകയെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു; ഉംറക്ക് വരുന്നവർ ചില കാര്യങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി സാമൂഹ്യപ്രവർത്തകർ

0
1982

മക്ക: ഉംറ ഗ്രൂപ്പിൽ തീർത്ഥാടനത്തിന് വന്ന അസുഖ ബാധിധയായി കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ തിരുവന്തപുരം നെടുമങ്ങാട് സ്വദേശിനിയെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. ഒക്ടോബർ ആദ്യ വാരം മക്കയിൽ എത്തി ആദ്യ ഉംറ നിർവഹിച്ചു ശേഷം റൂമിൽ എത്തിയതിനു ശേഷം ഇവർ ബോധരഹിതയാവുകയായിരുന്നു.

ശേഷം അജ്‌യാദ് എമർജൻസി ഹോസ്പിറ്റലിലും പിന്നീട കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഒരാഴ്ചയോളവും പിന്നീട് വാർഡിലും തുടർന്ന ഇവർ ഇന്നലെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി രാത്രി തന്നെ ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സഊദി എയർലൈൻസ് വിമാനത്തിൽ ദമാമിൽ നിന്നും വന്ന ബന്ധു അനസിന്റെ കൂടെ യാത്ര തിരിച്ചു.

ഉംറ തീർഥാടക സാമൂഹ്യ പ്രവർത്തകർക്കൊപ്പം

യാത്ര, ഹോസ്പിറ്റൽ, രേഖകൾ എന്നിവയുടെ ഏകോപനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ അംഗവും സഊദി ഇന്ത്യൻ ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി നിർവഹിച്ചു.

രോഗികളും പ്രായകൂടുതലും ഉള്ള ആളുകളുടെ പരിചരണത്തിൽ ഉംറ ഗ്രുപ്പുകൾ കൂടുതൽ ജാഗ്രത പാലിക്കുകയും തിരികെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റ്, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നും അതിന്റെ ഏകോപനത്തിനും ഒരു മെഡിക്കൽ-കോ -ഓർഡിനേറ്റർ സംവിധാനം കൊണ്ടുവരികയും ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ഷമീം നരിക്കുനി ഓർമപ്പെടുത്തി .

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിഹാരം കാണാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, റിയാദ് ഇന്ത്യൻ എംബസി, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എന്നിവക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.

ഉംറക്ക് വരുന്നവർ ശ്രദ്ധിക്കുക:

▶️ ഉംറക്ക് വരുന്ന രോഗികളായ ആളുകൾ ഒരു മാസത്തേക്കുള്ള മരുന്നുകൾ കൈവശം വെക്കുക.

▶️ സഹായത്തിനു അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ കൂടെ യാത്ര തീരുമാനിക്കുക.

▶️ ഉംറക്ക് വരുന്നതും പുണ്യ ഭൂമിയിൽ എത്തിയാലും തനിയെ ഉള്ള യാത്ര ഒഴിവാക്കുക.

▶️മെഡിക്കൽ സഹായം വേണ്ട സമയത് ഗ്രൂപ്പിലെ അമീർ, മറ്റുള്ളവർ എന്നിവരുടെ സഹായം ഉടൻ തേടുക.