കോഴിക്കോട്: പത്തുമാസത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം പൂർണമായും 28-ന് ഇല്ലാതാകുകയാണ്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം.
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് വിമാനത്താവളം വീണ്ടും പൂർണതോതില്‍ പ്രവർത്തന സജ്ജമാകുന്നത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം 28-ാം തിയതിയോടെ അവസാനിക്കും. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ കോഴിക്കോട് നിന്നും സർവ്വീസ് നടത്തും. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്ക്കാണ് റീ കാർപെറ്റിങ് പ്രവൃത്തി പൂർത്തിയാക്കിയത്.
റീ കാർപെറ്റിങ്ങിനൊപ്പം തന്നെ വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ റൺവേ റീ കാർപെറ്റിങ് പൂർത്തിയായിരുന്നെങ്കിലും റൺവേയിലെ ടാറിങ്ങിന് സമമായി വശങ്ങളിൽ മണ്ണിട്ടു നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. ആവശ്യമായ രീതിയില്‍ മണ്ണ് ലഭിക്കാത്തതും മഴയുമായിരുന്നു കാലതാമസത്തിന് ഇടയാക്കിയത്.
നിലവിൽ റൺവേ പകലും തുറന്നിട്ടുണ്ടെങ്കിലും നിയന്ത്രണം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് വിമാനങ്ങൾ ഇറങ്ങുന്നത്. നിയന്ത്രണം എടുത്ത് കളയുന്നതോടെ പകൽ നിയന്ത്രണത്തിന് മുമ്പുണ്ടായിരുന്ന വിമാന സമയങ്ങളിൽ 28-നു ശേഷം ചെറിയ മാറ്റം വന്നേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുമുണ്ട്.
നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കോഴിക്കോട് നിന്നും കൂടുതല്‍ വിമാന സർവ്വീസുകളും ആരംഭിക്കും. നിലവിൽ 14 സർവീസുകളുള്ള മസ്കറ്റിലേക്കുള്ള ഒമാൻ എയർ ആഴ്ചയിൽ 17 സർവീസുകൾ നടത്തും. റിയാദിലേക്കുള്ള ഫ്ളൈ നാസ് സർവീസുകൾ നാലിൽനിന്ന് ആറാകും. ആഭ്യന്തര സെക്ടറിൽ ഇൻഡിഗോ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ നടത്തുമ്പോള്‍ വിദേശത്തേക്ക് കൂടുതല്‍ സർവ്വീസ് നടത്താനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്.
അതേസമയം, വിമാനത്താവളത്തിലെ പഴം ,പച്ചക്കറി കയറ്റുമതി നിയന്ത്രണം എടുത്ത് കളയണമെന്ന ആവശ്യവും ശക്തമാണ്. നിപ്പയുടെ പശ്ചത്തലത്തിൽ ആരോഗ്യ വകുപ്പ് ഏർപെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴും തുടരുന്നത്. നിപ്പ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോള്‍ കയറ്റുമതിക്ക് അനുമതി നല്‍കുന്നത്. കൊച്ചിയില്‍ നിന്നാണ് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.ഇതൊടെ പലരും കരിപ്പൂരിന് പകരം കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളില്‍ നിന്നാണ് കയറ്റുമതി നടത്തുന്നത്.
ഇത്തരമൊരു നിയന്ത്രണം ആരോഗ്യ വകുപ്പ് ഇറക്കിയിട്ടില്ലെന്നാണ് മന്ത്രി വീണ ജോർജ് വ്യക്തമാക്കുന്നത്. എന്നാൽ ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിന്റെ പേരിലാണ് കരിപ്പൂരിൽ നിന്നും പഴം , പച്ചക്കറി കയറ്റുമതിക്ക് നിപ്പ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം. 2020-ൽ വിമാനാപകടമുണ്ടായതിനെ തുടർന്ന് വലിയ വിമാനങ്ങൾക്ക് വിലക്ക് വന്നതോടെ കരിപ്പൂരിൽനിന്നുള്ള കയറ്റമുതി ഗണ്യമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരൂമാനവും തിരിച്ചടിയാവുന്നത്.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനാവശ്യമായ ഭൂമി ഏറെറടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയതായി മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ ദൗത്യം മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാനും അത് സമയബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. തുടർ നടപടികൾ സ്വീകരിക്കേണ്ടത് എ എ ഐ ആണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയും വീടും നഷ്ടപ്പെടുന്ന ഉടമകളെ സംബന്ധിച്ചിടത്തോളം എത്ര വലിയ പ്രതിഫലവും അവരുടെ നഷ്ടങ്ങൾക്ക് ബദലാവില്ല എന്നിരിക്കിലും ഉടമകൾക്ക് ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാരം ഒരളവോളം അവരുടെ വേദനയകറ്റാൻ പര്യാപ്തമായിട്ടുണ്ട്. തികഞ്ഞ സന്തോഷത്തേടെയാണ് അവർ ഭൂമി വിട്ടുതന്നത്. ഈ ദൗത്യത്തിന്റെ വിജയത്തിന്റെ പ്രധാന കാരണവും ഈ സഹകരണ മനോഭാവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ടു നയിച്ച ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ സേവനവും വിസ്മരിക്കാവുന്നതല്ല. ജില്ലാ കളക്ടർ, ഡെ. കളക്ടർ, തഹസിൽദാർ, വില്ലേജ് ഉദ്യോഗസ്ഥർ, സർവ്വേ ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എല്ലാവരും വളരെ കൃത്യതയോടെ നടത്തിയ സേവനങ്ങൾ ഈ ദൗത്യത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. അവരെ അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കുന്നു. ജനപ്രതിനിധികളുടെ സഹകരണവും പ്രധാനപ്പെട്ടത് തന്നെ. എംപിയും ബന്ധപ്പെട്ട എം.എൽ.എമാരും തദ്ദേശസ്ഥാപന പ്രതിനിധികളും നൽകിയ പിന്തുണയും സ്മരിക്കുന്നു.
വികസനം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഏതെങ്കിലും ജനവിഭാഗത്തെ വേദനിപ്പിച്ചു കൊണ്ടാവരുത് അത് നടപ്പാക്കുന്നത്. കരിപ്പൂരിന്റെ വികസനം ഇവ രണ്ടും കണക്കിലെടുത്ത് തന്നെയാണ് മുന്നോട്ട് കൊണ്ടുപോയത്. അതിൽ നാം വിജയിച്ചിരിക്കുന്നു. കോഴിക്കോട് വിമാനത്താവളം ഒരു നാടിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്. അനേകം പ്രവാസികളുടെ വിയർപ്പാണ്. അത് നിലനിർത്തുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




