ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും തെറ്റായ വിവരങ്ങളുള്ള വിഡിയോകളും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതായി മെറ്റ.
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു കൈകാര്യം ചെയ്യാൻ വേണ്ടത്ര നടപടിയെടുക്കാത്ത സോഷ്യൽ മീഡിയ കമ്പനികളെ യൂറോപ്യൻ യൂണിയൻ ശാസിച്ചതിനെത്തുടർന്നാണ് അതിവേഗ നടപടികളെന്നാണ് റിപ്പോർട്ട്.
ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതു മുതൽ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും വ്യാജ ചിത്രങ്ങളും ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. ആക്രമണത്തിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ 795,000-ലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി മെറ്റ പറയുന്നു.
തങ്ങളുടെ ‘violence and incitement policy’ മെറ്റ താൽക്കാലികമായി വിപുലീകരിക്കുകയും ഹമാസ് ബന്ദികളാക്കിയവരെ വ്യക്തമായി തിരിച്ചറിയുന്ന ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്തത്രെ, പ്രദേശത്തുള്ളവരുടെ സാഹചര്യത്തെക്കുറിച്ചു ലോകത്തെ അറിയിക്കാനാണെങ്കിൽ കൂടിയായിരുന്നുവെങ്കിലും അത്തരം വിഡിയോകൾ നീക്കം ചെയ്യുന്നതായി മെറ്റ പറയുന്നു. പക്ഷേ മങ്ങിയ ചിത്രങ്ങളുള്ള ഉള്ളടക്കം ഇപ്പോഴും അനുവദനീയമാണ്, പക്ഷേ ബന്ദികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായിരിക്കും കമ്പനി മുൻഗണന നൽകുകയെന്നും കമ്പനി വിശദീകരിച്ചു.




