സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്തോനേഷ്യ രംഗത്തുവന്നതോടെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിലായി
ദുബൈ: ഖത്തര്‍ ലോകകപ്പിന് ശേഷം ജിസിസിയില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം മുഴങ്ങുന്നു. സഊദി അറേബ്യയ്ക്ക് വേദിയാകാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാകുകയാണ്. മുന്നിലുള്ള ഓരോ തടസങ്ങളും നീങ്ങുന്ന സന്തോഷത്തിലാണ് സഊദി അറേബ്യ. ഇന്തോനേഷ്യ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തി സഊദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അധ്യക്ഷന്‍ എറിക് താഹിര്‍ നിലപാട് വ്യക്തമാക്കിയത്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, സഊദി അറേബ്യ തുടങ്ങി 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. സഊദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്തോനേഷ്യ രംഗത്തുവന്നതോടെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിലായി.
ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി വേദിയാകാന്‍ പദ്ധതിയിടുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയയും ഇന്തോനേഷ്യയുമാണ് എന്നായിരുന്നു വാര്‍ത്ത. ഇന്തോനേഷ്യ പിന്മാറി സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ 2034ല്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് സഊദി വേദിയാകാനുള്ള സാധ്യതയേറി.
2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാനുള്ള അവസരം ഏഷ്യ-ഓഷ്യാന മേഖലയിലെ രാജ്യങ്ങള്‍ക്കാണ്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായവുമായി എത്തണമെന്ന് ഫിഫ അധ്യക്ഷന്‍ ഗിയാനി ഇന്‍ഫാന്റിനോ നിര്‍ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്തോനേഷ്യയുടെ പിന്മാറ്റം.
2030ലെ ഫുട്‌ബോള്‍ ലോകകപ്പിന് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളാണ് വേദിയാകുക. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങളിലാകും മല്‍സരങ്ങള്‍. 2026ലെ ലോകകപ്പ് മല്‍സരം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ്. 2022ല്‍ ഖത്തര്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച മല്‍സരങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്നത്.
2034ലെ മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ താല്‍പ്പര്യമുള്ള രാജ്യങ്ങള്‍ അറിയിക്കണമെന്ന് ഈ മാസം നാലിനാണ് ഫിഫ നിര്‍ദേശിച്ചത്. മണിക്കൂറുകള്‍ക്കകം സഊദി താല്‍പ്പര്യം അറിയിച്ചു. എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈന്‍ രാജകുടുംബാംഗവുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെയാണ് ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും സംയുക്തമായി വേദിയായേക്കുമെന്ന വാര്‍ത്തകള്‍ വന്നത്.
അതേസമയം, 2046ല്‍ അവസരം ലഭിച്ചാല്‍ ഇന്തോനേഷ്യ വേദിയാകാന്‍ ശ്രമിക്കുമെന്നാണ് വിവരം. ഇനി ഓസ്‌ട്രേലിയക്കൊപ്പം മറ്റു രാജ്യങ്ങള്‍ സംയുക്ത വേദിയാകാന്‍ താല്‍പ്പര്യം അറിയിച്ചില്ലെങ്കില്‍ സഊദി തന്നെയാകും 2034ല്‍ ഫിഫ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. ഖത്തറിന് ശേഷം വീണ്ടും ഗള്‍ഫ് രാജ്യത്തേക്ക് ഫുട്‌ബോള്‍ മാമാങ്കമെത്തുമെന്ന പ്രത്യേകതയും ഈ മല്‍സരങ്ങള്‍ക്കുണ്ടാകും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




